തിരുവനന്തപുരം: വേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. മൂന്നു ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസില്‍ നവാഗതരായെത്തുന്നത്. സംസ്ഥാന തല പ്രവേശനോത്സവം ആലപ്പുഴയിലെ കലവൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന് 9.30 ന് ഉദ്ഘാടനം ചെയ്യും.
കാലവര്‍ഷം തകര്‍ത്തു പെയ്യുമ്പോളും ബാഗ് റെഡിയാക്കി ആവേശത്തോടെ കുട്ടികളിന്ന് സ്കൂളിലെത്തും. എന്നാല്‍, മഴ തെല്ലൊന്നു മാറിയത് കുട്ടികള്‍ക്കും വിദ്യാഭ്യാസ വകുപ്പിനും ആശ്വാസമായി. സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാലരവരെയായിരിക്കും ക്ലാസുകള്‍.
അഞ്ചാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയ ഓള് പാസ് ഉണ്ടായിരിക്കില്ല. എഴുത്തു പരീക്ഷയില്‍ 30% മാര്‍ക്ക് ഇല്ലാത്തവര്‍ക്ക് ക്ലാസ് കയറ്റം നല്‍കേണ്ടതില്ലെന്നാണ് വകുപ്പ് തീരുമാനം. ആദ്യത്തെ രണ്ടാഴ്ച ലഹരി, അക്രമവാസന, മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയവയ്ക്കെതിരെ ബോധവല്‍ക്കരണമായിരിക്കും സ്കൂളുകളില്‍ നടത്തുക. നാല്പത് ലക്ഷത്തിലധികം കുട്ടികള്‍ പ്ലസ്ടു തലം വരെയുള്ള ക്ലാസുകളില്‍ എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.


