ഇസ്രാഈല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗസ്സയിലെ ഡോക്ടര്‍ ഹംദി അല്‍നജ്ജാര്‍ മരിച്ചു. ഖാന് യൂനിസിലെ വീടിന് നേരെ എട്ട് ദിവസം മുമ്പ് നടന്ന വ്യോമാക്രമണത്തില്‍ ഹംദിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ഡോക്ടറുടെ ഒമ്പത് മക്കളും ആക്രമണത്തില്‍ കൊല്ലപ്പെട്ടുകയും ചെയ്തിരുന്നു.
മേയ് 23നാണ് ഡോക്ടര്‍ ഹംദി അല്‍നജ്ജാറിന്റെ കുടുംബവീടിന് നേരെ ഇസ്രാഈല്‍ മിസൈല്‍ ആക്രമണം നടത്തിയത്. ഡോക്ടര്‍ ഹംദിയുടെ ഭാര്യ ഡോ. അലാ നാസര്‍ മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയിലായിരുന്ന സമയത്തായിരുന്നു ആക്രമണം. ഒമ്പത് മക്കളുടെയും ചേതനയറ്റ ശരീരം ഡോ. അലാ ഏറ്റുവാങ്ങുന്നത് വേദനിപ്പിക്കുന്ന രംഗമായിരുന്നു. ആക്രമണത്തില്‍ രക്ഷപ്പെട്ട അവരുടെ ഏക മകനായ ആദം ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
”ഡോ. അലാ 10 മക്കളുടെ മാതാവാണ്. മുത്തയാള്‍ക്ക് 12 വയസ്സ് പോലും കഴിഞ്ഞിട്ടില്ല. ആ ദിവസം രാവിലെ അവരുടെ ഭര്‍ത്താവാണ് അവരെ ജോലി സ്ഥലത്ത് കൊണ്ടുവിട്ടത്. വീട്ടിലേക്ക് മടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ ഒരു ഇസ്രായേലി മിസൈല്‍ അവരുടെ വീട്ടില്‍ പതിച്ചു”-ഗസ്സ ഹെല്‍ത്ത് മിനിസ്ട്രി ഡയറക്ടര്‍ ജനറല്‍ ഡോ. മുനീര്‍ അല്‍ബര്‍ഷ് എക്സില്‍ കുറിച്ചു.


