യുപിയിലെ ആഗ്രയില്‍ ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. വീടിന് സമീപത്തുള്ള ക്ഷേത്രത്തിനിടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയല്‍വാസി ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ബന്ധുക്കള്‍ കുട്ടിയുടെ കരച്ചില് കേട്ട് എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ പ്രതി മാനസികാ രോഗിയാണെന്ന് പറഞ്ഞ് പൊലീസ് വിട്ടയക്കുകയായിരുന്നു.
പ്രതിയെ വിട്ടയച്ചത് വിവാദമാവുകയും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തതോടെ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസ് നടപടിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. യുവാവിന് മാനസികപ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചതെന്നാണ് പൊലീസ് നല്കുന്ന വിശദീകരണം. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
പ്രതി ഒരു മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്യുന്ന ആളാണ്. പ്രതിയുടെ മാനസിക നിലയെക്കുറിച്ച് കുടുംബം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.


