നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ ഇടപെടലിന് പിന്നാലെ സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ നടപടികളുമായി സിനിമാ സംഘടനകള്‍. ഉടന്‍ തന്നെ യോഗം ചേരാനും ലഹരി ഉപയോഗം തടയുന്നതിന് കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനുമാണ് സംഘടനകളുടെ തീരുമാനം.
കഴിഞ്ഞ ദിവസം എന്‍സിബിയുടെ നേതൃത്വത്തില്‍ സിനിമ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, മാക്ട അംഗങ്ങള്‍ തുടങ്ങി വിവിധ സിനിമ സംഘടനകളുടെ യോഗം ചേര്‍ന്നിരുന്നു. സിനിമാ സെറ്റുകളില്‍ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ സിനിമ സംഘടനകളുമായി ചര്‍ച്ച നടത്തിയത്.
അടുത്തിടെ ലഹരി കേസുകളില്‍ സിനിമ താരങ്ങളെയും ടെക്നീഷന്‍ മാരെയും പൊലിസ് പിടികൂടിയിരുന്നു. പിന്നാലെയാണ് സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ കര്‍ശന നടപടികള്‍ എടുക്കാന്‍ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ കൂടി തീരുമാനം എടുത്തത്.


