ഓപ്പറേഷന് സിന്ദൂരിലൂടെ കാണ്ഡഹാര്‍ വിമാന റാഞ്ചലിലെ ഭീകരര്‍ കൊല്ലപ്പെട്ടതായി ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ലശ്കറെ ത്വയ്യിബ ഭീകരന് അബൂ ജന്ദാല്, ജയ്ഷെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിന്റെ ബന്ധു യൂസുഫ് അസ്ഹര്‍ എന്നിവര്‍ കൊല്ലപ്പെട്ടതായി പിടിഐ, എഎന്‍ഐ ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്ഥാന് സൈന്യത്തിന്റെ പോസ്റ്റുകളും ലോഞ്ച്പാഡും ഇന്ത്യന്‍ സൈന്യം തകര്‍ത്തു. നിയന്ത്രണ രേഖയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തീവ്രവാദ ലോഞ്ച് പാഡുകളാണ് തകര്‍ത്തത്. അതേസമയം ഡാല്‍ തടാകത്തിനു സമീപം മിസൈല്‍ പതിച്ചതായും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനിലെ ജയ് സാല്‍മീറില്‍ കണ്ടെത്തിയ പാക് മിസൈല്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു.
കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
സംഘര്‍ഷത്തിനിടെ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന യോഗം അവസാനിച്ചു. യോഗത്തില്‍ റോ, ഐബി മേധാവിമാരും പ്രതിരോധമന്ത്രിയും സുരക്ഷാ ഉപദേഷ്ടാവും പങ്കെടുത്തു. പാക് പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം.


