മാലയിലെ പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് ജാമ്യം. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പുലിപ്പല്ല് സമ്മാനമായി ലഭിച്ചതാണെന്ന് വേടന് കോടതിയില്‍ അറിയിച്ചു. അതേസമയം യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ സ്വീകരിക്കില്ലായിരുന്നെന്നും വേടന് കോടതിയില്‍ പറഞ്ഞു.
എന്നാല്‍ വേടന്റെ ജാമ്യാപേക്ഷയെ വനംവകുപ്പ് എതിര്‍ത്തിരുന്നു. വേടന് രാജ്യം വിട്ട് പോകാന്‍ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം. എന്നാല്‍, ഈ വാദം കോടതി മുഖവിലക്കെടുത്തില്ല.
അതേസമയം രഞ്ജിത് കുമ്പിടിയാണ് മാല നല്‍കിയതെന്ന് വേടന് പറഞ്ഞെങ്കിലും അയാളെ കണ്ടെത്താനായിട്ടില്ലെന്ന് വനം വകുപ്പ് കോടതിയില്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും വനംവകുപ്പ് വ്യക്തമാക്കി.
പുലിപ്പല്ല് അണിഞ്ഞതിന് വേടനെതിരെ ജാമ്യമില്ലാകുറ്റം ചുമത്തിയാണ് വനം വകുപ്പ് കേസെടുത്തിരുന്നത്. പുലിപ്പല്ല് കൈവശം വെക്കുന്നത് ഇന്ത്യയില്‍ ജാമ്യമില്ലാ കുറ്റമാണ്. വിദേശത്തു നിന്ന് എത്തിക്കുന്നതും കുറ്റകരമാണ്. കുറ്റം തെളിഞ്ഞാല്‍ മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കും.


