കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചുപോയ ജാര്‍ഖണ്ഡ് സ്വദേശികള്‍ പൊലീസ് കസ്റ്റഡിയില്‍. കുഞ്ഞിനെ ഏറ്റെടുക്കാന്‍ താല്പര്യമറിയിച്ച് തിരിച്ചെത്തിയപ്പോഴാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ആശുപത്രി ബില്ലടക്കാന്‍ പണമില്ലാത്തതിനാലാണ് പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് മാതാപിതാക്കള്‍ മൊഴി നല്‍കിയിരുന്നത്.
സംഭവത്തില്‍ മാതാപിതക്കള്‍ക്കെതിരെ പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കുഞ്ഞിനെ കാണണമെന്നും ഏറ്റെടുക്കാന്‍ തയാറാണെന്നും മാതാപിതാക്കള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. നിലവില്‍ സിഡബ്ലുസിയുടെ സംരക്ഷണയില്‍ കഴിയുന്ന കുഞ്ഞിനെ കൈമാറുന്നതില്‍ നിയമതടസങ്ങളുമുണ്ട്. സിഡബ്ലിയുസിയുടെ സംരക്ഷണയിലുള്ള കുഞ്ഞ് നിലവില്‍ അങ്കമാലിയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലാണ്.


