പ്രശസ്ത ഗുസ്തി താരവും ഹരിയാന എംഎല്‍എയുമായ വിനേഷ് ഫോഗട്ടിന് ഹരിയാന സര്‍ക്കാര്‍ നല്കിയ മൂന്ന് ഓഫറുകളില്‍ ഒന്ന് സ്വീകരിച്ച് താരം. ഗുസ്തി താരമായ ഫോഗട്ടിന് സര്‍ക്കാരിന്റെ കായിക നയപ്രകാരം നല്കിയ ഒഫറുകള്‍ രണ്ടാഴ്ചക്ക് ശേഷമാണ താരം സ്വീകരിച്ചത്.
മാര്‍ച്ച് 25 ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ജുലാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ താരത്തിന് ഹരിയാന സര്‍ക്കാര്‍, 4 കോടി രൂപ ക്യാഷ് പ്രൈസ്, ഗ്രൂപ്പ് എ ജോലി, അല്ലെങ്കില്‍ ഭൂമി അനുവദിക്കാം എന്നീ ഓഫറുകള്‍ മുന്നില്‍ വെച്ചത്. രണ്ടാഴ്ചക്ക് ശേഷമാണ് നാല് കോടി രൂപ ക്യാഷ് പ്രൈസ് എന്ന ഓഫര്‍ തിരഞ്ഞെടുക്കുന്നതായി താരം സര്‍ക്കാരിനെ അറിയിച്ചത്.
‘വിനേഷ് ഫോഗട്ട് ഇപ്പോള്‍ എംഎല്‍എ ആയതിനാല്‍, അവര്‍ക്ക് ഏതൊക്കെ ആനുകൂല്യങ്ങളാണ് ലഭിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ചോദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് മാര്‍ച്ച് 25 ന് നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിന് ശേഷം ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി പറഞ്ഞിരുന്നു.
2024-ല്‍ പാരീസ് ഒളിമ്പിക്സില്‍ ചരിത്രംകുറിച്ചുകൊണ്ട് വിനേഷ് ഫൈനല്‍ പ്രവേശനം നേടിയിരുന്നു. നൂറുഗ്രാം ഭാരക്കൂടുതലിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിനേഷ് ഗുസ്തിയില്‍ നിന്ന് വിരമിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.


