നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ പിടിച്ചുവെക്കരുതെന്ന് സുപ്രീംകോടതി. നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നത് വൈകിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശത്തിന് അനുസരിച്ചാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ബില്ലു പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നും പരമാവധി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഗവര്‍ണര്‍ക്കെതിരായ തമിഴ്നാട് സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് നിര്‍ണായക ഉത്തരവ്.
ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയാണെങ്കിലോ തിരിച്ചയക്കുകയാണെങ്കിലോ അത് മൂന്നു മാസത്തിനുള്ളില്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും ഇന്ത്യന്‍ ഭരണഘടന ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്.
തമിഴ്നാട്ടില്‍ ഗവര്‍ണര്‍ തടഞ്ഞുവെച്ച പത്ത് ബില്ലുകള്‍ക്കും കോടതി അംഗീകാരം നല്‍കുകയും ചെയ്തു. ഒരു ഭരണഘടന എത്ര നല്ലതായാലും അത് നടപ്പാക്കുന്നവര്‍ ശരി അല്ലെങ്കില്‍ മോശമാണെന്ന് തോന്നുമെന്ന അംബേദ്ക്കറുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടതി വിധി പറഞ്ഞത്. നസംസ്ഥാനസര്‍ക്കാരിനെ തടയുകയല്ല ഗവര്‍ണറുടെ ചുമതലയെന്നും കോടതി വ്യക്തമാക്കി.
10 ബില്ലുകള്‍ തടഞ്ഞുവെച്ച ആര് എന്‍ രവിയുടെ നടപടിയെയും സുപ്രീം കോടതി വിമര്‍ശിച്ചു. ബില്ലുകള്‍ തടഞ്ഞുവെച്ചതിന് ശേഷം രാഷ്ട്രപതിക്ക് അയക്കാനാവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പത്ത് ബില്ലുകള്‍ തടഞ്ഞുവെച്ച ശേഷം രാഷ്ട്രപതിക്ക് അയച്ച നടപടി നിയമ വിരുദ്ധമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.


