കേരളത്തില്‍ കുരുമുളകിന്റെ ഉല്പാദനത്തിലും കൃഷിയിലും ഗണ്യമായ കുറവുണ്ടായതായി കേന്ദ്രകൃഷി-കര്‍ഷക ക്ഷേമ സഹമന്ത്രി രാംനാഥ് ഠാക്കൂര്‍ ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു. 2014-15 കാലയളവില്‍ 85,431 ഹെക്ടര്‍ ഭൂമിയില്‍ കൃഷി ചെയ്തിരുന്ന കുരുമുളക് 2023-24 ആയപ്പോഴേക്ക് 72,699 ഹെക്ടര്‍ സ്ഥലത്തേക്കായി ചുരുങ്ങിയതായും കുരുമുളക് ഉല്പാദനം 40,690 ടണ്‍ ആയിരുന്നത് 30,798 ടണ്‍ ആയി കുറഞ്ഞതായും മന്ത്രി അറിയിച്ചു. കൃഷിക്ക് ഭീഷണിയാകുന്ന കീടങ്ങളും രോഗങ്ങളും കാരണമാണ് കുരുമുളക് കൃഷിയില്‍ ഗണ്യമായ ഇടിവുണ്ടായത്. എട്ടു മുതല്‍ പത്ത് ശതമാനം വരെ കൃഷിയിലും ഉല്പാദനത്തിനും കുറവുണ്ടായിട്ടുണ്ട്. പ്രധാനമായും കുരുമുളക് ഇടവിളയായിട്ടാണ് കൃഷി ചെയ്യുന്നത്. അതുകൊണ്ടുതന്നെ കര്‍ഷകര്‍ കുരുമുളക് കൃഷിക്ക് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നില്ല. വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ കോഴിക്കോട്ട് സ്ഥിതി ചെയ്യുന്ന ഡയറക്ടറേറ്റ് ഓഫ് അരിക്കാനട്ട് ആന്റ് സ്പൈസസ് ഡവലപ്മെന്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ച് എന്നിവ കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയമായി ചേര്‍ന്ന് 21 ല്‍ പരം ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയും ഉല്പാദന ശേഷിയുമുള്ള നടീലിനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ കുരുമുളക് കൃഷിയിലും ഉല്‍പാദനത്തിലുമുണ്ടായ കുറവിനെ സംബന്ധിച്ച് ലോക്സഭയില്‍ നല്കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.


