റസാഖ് ഒരുമനയൂര്‍
മക്ക: ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്.
സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ് പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന് ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.
Comments


