ഹിമാചല്‍ പ്രദേശില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ആയുധധാരികള്‍ നടത്തിയ വെടിവെപ്പില്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എയ്ക്ക് പരിക്ക. ബിലാസ്പൂരിലെ കോണ്‍ഗ്രസ് നേതാവായ ബംബര്‍ താക്കൂറിനാണ് വെടിയേറ്റത്. സംഭവത്തില്‍ പരിക്കേറ്റ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
എംഎല്‍എയെ കൂടാതെ ഇദ്ദേഹത്തിന്റെ അംഗരക്ഷകനടക്കം മറ്റ് രണ്ട് പേര്‍ക്കു കൂടി വെടിയേറ്റിട്ടുണ്ട്. അക്രമികള്‍ താക്കൂറിനും അംഗരക്ഷകര്‍ക്കും നേരെ 12 റൗണ്ട് വെടിയുതിര്‍ത്തു.
ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ താക്കൂറിന്റെ ഭാര്യക്ക് അനുവദിച്ച വസതിയിരിക്കെ ഒരു സംഘം അജ്ഞാതരായ അക്രമികള്‍ തോക്കുമായി കോംപൗണ്ടിലേക്ക് ഇരച്ചുകയറുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. താക്കൂറിന് വെടിയേറ്റതോടെ പ്രതി പ്രധാന മാര്‍ക്കറ്റ് ഏരിയയിലേക്ക് ഓടിയതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
‘ഞാന്‍ ബാംബര്‍ താക്കൂറുമായി സംസാരിച്ചു. അദ്ദേഹം ഷിംലയിലെ ഐജിഎംസിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണറോട് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്- മുഖ്യമന്ത്രി സുഖ്വീന്ദര് സിങ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
2024 ഫെബ്രുവരിയിലും താക്കൂറിനെതിരെ ആക്രമണം നടന്നിരുന്നു. ജബാലിയില്‍ ഒരു റെയില്‍വേ ലൈന്‍ നിര്‍മാണ ഓഫീസിനുള്ളില്‍ ഇദ്ദേഹത്തിനു നേരെ ആക്രമണം ഉണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കേസില്‍, സംശയിക്കപ്പെടുന്ന നിരവധി പേരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.


