വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന രാപ്പകല്‍ സമരം 30 ദിനങ്ങളും കടക്കുന്നു. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്തില്‍ സെക്രട്ടേറിയറ്റ് നടയിലാണ് സമരം തുടരുന്നത്. ഒരു മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ മുഖം തിരിക്കുന്ന സാഹചര്യത്തില്‍ സമരം കടുപ്പിക്കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം.
ഈ മാസം 17നു ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കും. വിവിധ സംഘടനകളുടെ പിന്തുണയോടെയാണ് ഉപരോധം. ന്യായമായ ആവശ്യങ്ങള്‍ സംബന്ധിച്ചു ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് ഉപരോധിക്കാന്‍ തീരുമാനിച്ചതെന്നു സമര സമിതി നേതാവ് എസ് മിനി വ്യക്തമാക്കി.
ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. ചര്‍ച്ച നടത്തുകയോ പരിഹരിക്കാന്‍ ശ്രമിക്കുകയോ ചെയ്യാത്തതിനാലാണ് സമരക്കാര്‍ നിയമലംഘനത്തിനു തയാറാകുന്നതെന്ന് അസോസിയേഷന് നേതാവ് എസ്. മിനി പറഞ്ഞു.
സമരം ചെയ്യുന്നവരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്ന നടപടികളാണ് ഓരോ ദിവസവും ഉണ്ടാകുന്നതെന്നും നിയമം അനുസരിച്ചു സമാധാനപരമായി ഇത്രയും ദിവസം സമരം നടത്തിയിട്ടും സര്‍ക്കാര്‍ മുഖം തിരിച്ചതിനാലാണ് നിയമലംഘന സമരത്തിലേക്ക് കടക്കുന്നതെന്നു പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരുടെ നേതൃത്തില്‍ 13നു ആറ്റുകാല്‍ പൊങ്കാലയിടും.


