താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചതിനെതിരെ പിതാവ് ഹൈക്കോടതിയെ സമീപിച്ചു. കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിലെത്തിയത്. കുറ്റകൃത്യത്തിന്റെ തീവ്രത മനസ്സിലാക്കാതെയാണ് ഒന്നു മുതല്‍ അഞ്ച് വരെയുള്ള പ്രതികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചതെന്നാണ് വാദം. ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
കഴിഞ്ഞ ദിവസം ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തില്‍ സിഡബ്ല്യുസി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. താമരശ്ശേരി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകത്തിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയിട്ടുണ്ടെന്നും സംഭവത്തില്‍ സിപിസി ഫലപ്രദമായി ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്ന് സിഡബ്ല്യുസി പോലീസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 11ന് അടിയന്തര ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി ചേരും.
ഷഹബാസിന്റെ വീട്ടില്‍ സൈബര്‍സെല്‍ സംഘവും പൊലീസും പരിശോധന നടത്തിയിരുന്നു. ഷഹബാസിന്റെ ഫോണ്‍ സൈബര്‍സെല്‍ സംഘവും പൊലീസും പരിശോധിച്ചു. ഇതില്‍ നിന്നും നിര്‍ണായക തെളിവുകള്‍ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. സൈബര്‍ അംഗങ്ങള്‍ക്ക് പുറമേ അന്വേഷണ ചുമതലയുള്ള താമരശ്ശേരി സി ഐയുടെ നേതൃത്വത്തില്‍ ഉള്ള സംഘവും അന്വേഷണം തുടരുകയാണ്.
ട്യൂഷന് സെന്ററിലെ സെന്റോഫിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കലാശിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷഹബാസ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിദ്യാര്‍ത്ഥികളുടെ അടിയില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ന്നുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.


