മലപ്പുറം താനൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളെ കാണാതായ സംഭവത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടിയുടെ പിതാവ്. മകള്‍ വീടുവിട്ടിറങ്ങാനായി പ്രത്യേകിച്ച് കാരണങ്ങളില്ലെന്നും ആദ്യമായാണ് ഇത്രയും ദൂരം പോകുന്നതെന്നും പിതാവ് പറഞ്ഞു.
മകളെ പരീക്ഷയെഴുതുന്നതിന് സ്കൂളില്‍ കൊണ്ടുവിട്ടിരുന്നെന്നും മകളുടെ ഇഷ്ടങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന ഒരു വിഷയവും ഇന്നുവരെ ഉണ്ടായിട്ടില്ലെന്നും പിതാവ് പറഞ്ഞു.
വായ്പ കുടിശ്ശികയായതുമൂലം വീട് ജപ്തി ഭീഷണിയിലാണെന്നും ഇതിനിടയില്‍ കിട്ടാവുന്ന എല്ലാ സുഖസൗകര്യങ്ങളും നല്‍കിയാണ് കുട്ടികളെ വളര്‍ത്തിയതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. അതേസമയം കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ വീട്ടില്‍ ഉണ്ടായിട്ടില്ലെന്നും താന്‍ ആര്ഭാടങ്ങളില് ജീവിക്കുന്ന ഒരാളല്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം മാനസികമായി തന്നെ തകര്‍ത്തുവെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.
മോഡലും കാര്യങ്ങളിലൊന്നും താത്പര്യമില്ലാത്ത ആളാണ് താനെന്നും എന്നാല്‍ അതിന്റെ പേരില്‍ വഴക്കൊന്നും ഇതുവരെ ഉണ്ടായിരുന്നില്ലെന്നും പിതാവ് പറഞ്ഞു. വീട്ടില്‍നിന്ന് അമിതമായി പണം നല്‍കിയിട്ടില്ലെന്നും കൂട്ടുകാരികളില്‍നിന്നോ മറ്റോ ലഭിച്ചതാവാമെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടി വരികയാണെങ്കില്‍ യാതൊരു പ്രശ്നവുമുണ്ടാവില്ലെന്നും അവരെ എത്രയും പെട്ടെന്ന് എത്തിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളെ കണ്ടെത്താല്‍ പോലീസ് നടത്തിയ ശ്രമങ്ങള്‍ക്ക് പിതാവ് നന്ദി അറിയിച്ചു.


