ബീവാര്‍ ബലാത്സംഗ കേസില്‍ കുറ്റാരോപിതരായവരുടെ വീടുകള്‍ പൊളിക്കുന്ന നടപടികള്‍ക്ക് രാജസ്ഥാന് ഹൈക്കോടതിയുടെ സ്റ്റേ. പ്രതികളുടെ വീടുകള്‍ പൊളിച്ച് നീക്കാനുള്ള തീരുമാനത്തില്‍ രാജസ്ഥാനിലെ ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. ജസ്റ്റിസ് മഹേന്ദ്ര കുമാര്‍ ഗോയല്‍ അടക്കമുള്ള ബെഞ്ചിന്റേതാണ് വിമര്‍ശനം.
അധികൃതര്‍ നല്കിയ നോട്ടീസിന് ഹര്‍ജിക്കാര്‍ നല്കിയ മറുപടിയില്‍ തീരുമാനമെടുക്കാതെ ഉടനടിയുള്ള പൊളിക്കല്‍ നടപടിയിലേക്ക് ഭരണകൂടം കടന്നുവെന്ന് കോടതി പറഞ്ഞു.
2009ലെ രാജസ്ഥാന് മുന്‍സിപ്പാലിറ്റി ആക്ടിലെ സെക്ഷന്‍ 194 (എല്ലാത്തരം കെട്ടിടങ്ങളും നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍), സെക്ഷന്‍ 245 (പൊതു ഭൂമിയില്‍ കൈയേറ്റം അല്ലെങ്കില്‍ തടസ്സം സൃഷ്ടിക്കല്‍) എന്നിവ പ്രകാരമാണ് അധികൃതര്‍ പ്രതികളുടെ കുടുംബത്തിന് നോട്ടീസ് നല്‍കിയത്.
ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം. എന്നാല്‍ പൊളിച്ചുമാറ്റാന്‍ തീരുമാനിച്ച കെട്ടിടങ്ങള്‍ പ്രതികളുടേതല്ലെന്നും പ്രതികളുടെ പിതാവ്, അമ്മാവന് എന്നിവരുടേതാണെന്നും ഹര്‍ജിക്കാര്‍ പറയുന്നു. അതിനാല്‍ തന്നെ ഈ വീടുകള്‍ പൊളിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
ഫെബ്രുവരി 20നാണ് പൊളിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് ലഭിക്കുന്നത്. എന്നാല്‍ ഇതിന് കൃത്യസമയത്ത് മറുപടി നല്‍കിയിരുന്നുവെന്നും അധികൃതര്‍ അത് പരിഗണിച്ചില്ലെന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ സയ്യിദ് സാദത്ത് പറഞ്ഞു.
നിലവില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ബീവാര്‍ ജില്ലാ കളക്ടര്‍, പൊലീസ് സൂപ്രണ്ട്, ബിജയ്നഗര്‍ മുനിസിപ്പാലിറ്റി എന്നിവരെ കോടതി കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. കേസില്‍ വാദം കേള്‍ക്കുന്നത് മാര്‍ച്ച് 11ലേക്ക് ലിസ്റ്റ് ചെയ്യുകയും ചെയ്തു.
ബീവാര്‍ ജില്ലയില്‍ ഹിന്ദു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് 11 മുസ്ലിം യുവാക്കളെ രാജസ്ഥാന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ വീടുകള്‍ പൊളിച്ചുനീക്കാനാണ് തദ്ദേശീയ ഭരണകൂടം നടപടിയെടുത്തത്. ഇതിനെതിരെ പ്രതികളുടെ കുടുംബങ്ങളാണ് കോടതി സമീപിച്ചത്.
വി.എച്ച്.പി അടക്കമുള്ള ഹിന്ദുത്വ സംഘടനകള്‍ മുസ്ലിം യുവാക്കള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സംഭവത്തെ തുടര്‍ന്ന് ബീവാര്‍ പട്ടണത്തില്‍ ദിവസങ്ങളായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.


