ഷഹബാസ് വധക്കേസിലെ പ്രതികള്‍ക്ക് ജുവനൈല്‍ ഒബ്സര്‍വേഷന്‍ ഹോമില്‍ ലഭിക്കുന്നത് മികച്ച പരിഗണന. താമരശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഞ്ചു വിദ്യാര്‍ഥികളായ അഞ്ചുപേരെയും വേറെവേറെ സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നതെങ്കിലും ശിക്ഷനടപടികളുടെ ഭാഗമായുള്ള പരിഗണനയല്ല ലഭിക്കുന്നതെന്നാണ് ആരോപണം.
ജുവനൈല്‍ ഹോമില്‍ എത്തിയ ആദ്യ ദിവസംതന്നെ ഉച്ചഭക്ഷണമായി നല്‍കിയത് ബിരിയാണിയാണ്. പിറ്റേദിവസം പായസമുള്‍പ്പെടെ സദ്യ. തിങ്കളാഴ്ച സാമ്പാറും ചോറും വിഭവങ്ങളുമാണ്. വര്‍ഷങ്ങളായി ഒബ്സര്‍വേഷന്‍ ഹോമില്‍ ഭക്ഷണം പാകംചെയ്ത് നല്‍കുന്നത് നിര്‍ത്തലാക്കിയിട്ട്. കുക്കിനെ ഉള്‍പ്പെടെ നിയമിച്ചിരുന്നെങ്കിലും ചിലരുടെ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ ഭക്ഷണം ബോയ്സ് ഹോമില്‍നിന്ന് എത്തിക്കുകയാണ്. കുക്കിനെയും ബോയ്സ് ഹോമിലേക്ക് മാറ്റി.
ബോയ്സ് ഹോമില്‍ നല്കുന്ന ഭക്ഷണം മിക്കദിവസങ്ങളിലും പലരുടെയും സ്പോണ്സര്ഷിപ്പിലാണ്. അതിനാല്‍ മികച്ച ഭക്ഷണമാണ് അവിടെ നല്‍കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളിലെ ക്രിമിനല്‍വത്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ഒബ്സര്‍വേഷന്‍ ഹോമില്‍ എത്തിക്കുന്നത്. ഗുണപാഠം നല്കുന്നതിനു പകരം തെറ്റായ സന്ദേശമാണ് ഉന്നതരായ അധികൃതര്‍ അറിയാതെ ചില ഉദ്യോഗസ്ഥര്‍ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.


