കൊച്ചി: സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി. കണ്ണൂരിലെ വഴിതടയല്‍ സമരവുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ ഹരജികള്‍ പരിഗണിക്കവേയായിരുന്നു വിമര്‍ശനം. പ്രതിഷേധങ്ങളോടും സമ്മേളനങ്ങളോടും സര്‍ക്കാറിന് ഇരട്ട സമീപനമാണോയെന്ന് കോടതി ചോദിച്ചു.
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശ വര്‍ക്കര്‍മാര്‍ കെട്ടിയ ടാര്‍പോളിന്‍ പന്തല്‍ പൊളിച്ചുനീക്കിയ പൊലീസ് കണ്ണൂരില്‍ വഴിതടഞ്ഞ് പന്തല്‍കെട്ടി സി.പി.എം നടത്തിയ പ്രതിഷേധത്തില്‍ നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റിസ് എസ്. മുരളികൃഷ്ണന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിറ്റേതായിരുന്നു വിമര്‍ശനം.
വഞ്ചിയൂരിലടക്കം ഗതാഗതം തടസ്സപ്പെടുത്തി യോഗങ്ങള്‍ നടത്തിയതു പോലുള്ള മറ്റു സംഭവങ്ങളില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ചാര്‍ട്ട് ഒരാഴ്ചക്കകം ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ചുമത്തിയ വകുപ്പുകളും വ്യവസ്ഥകളുമടക്കം രേഖപ്പെടുത്തി നല്‍കാനാണ് നിര്‍ദേശം.
സമാന സംഭവങ്ങളിലെല്ലാം നടപടിയെടുത്തതായും കണ്ണൂരില്‍ നടന്നത് പ്രതിഷേധ പരിപാടിയാണെന്നും തത്സമയ നടപടിക്ക് പരിമിതിയുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.എന്നാല്‍, വഞ്ചിയൂരിലേത് പാര്‍ട്ടി ഏരിയ സമ്മേളനമായിരുന്നുവെന്നും നാടകം നടത്താന്‍ കൂടിയാണ് റോഡ് അടച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
പന്തല്‍ നീക്കാന്‍ ശ്രമിച്ചപ്പോള്‍ പാര്‍ട്ടി ഭാരവാഹി തടഞ്ഞതായാണ് പൊലീസ് നല്കിയ വിശദീകരണം. ഇയാള്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ആരാഞ്ഞു. പ്രതികള്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസഥയടക്കം ചുമത്തിയിട്ടുണ്ടോയെന്നും ചോദിച്ചു. പ്രതിഷേധം വേണം. അത് നടപ്പാതയില്‍ പാടില്ല. അവിടെ അടച്ചുകെട്ടിയാല്‍ മുതിര്‍ന്ന പൗരന്മാര്ക്ക് റോഡിലിറങ്ങി നടക്കേണ്ടിവരും. ഇത് അപകടത്തിനിടയാക്കുമെന്നും കോടതി വ്യക്തമാക്കി.


