ഹരിയാന യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ് ഹിമാനി നര്‍വാളിനെ കൊലപ്പെടുത്തിയത് ആണ് സുഹൃത്തെന്ന് പൊലീസ് കണ്ടെത്തല്‍. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തര്‍ക്കമാണ് പ്രതി സച്ചിന് ഹിമാനിയെ കൊലപെടുത്താന്‍ കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
പ്രതിയും ഹിമാനിയും സോഷ്യല്‍ മീഡിയ വഴിയാണ് പരിചയപ്പെടുന്നത്. ജ്ജാറില്‍ മൊബൈല്‍ ഷോപ്പ് നടത്തിവരികയായിരുന്നു പ്രതി. ഹിമാനിയുടെ വസതിയില്‍ വെച്ച് ഫോണിന്റെ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ആഭരണവും ഫോണും ലാപ്ടോപ്പും മോഷ്ടിച്ച് മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു.
റോഹ്തക്കിലെ സാംപ്ല ബസ് സ്റ്റാന്‍ഡിന് സമീപത്ത് സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയിലാണ് 22-കാരിയായ ഹിമാനി നര്‍വാളിന്റെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം സ്യൂട്ട്കേസ് തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.


