കോഴിക്കോട് ഗവ. ലോ കോളേജ് വിദ്യാര്‍ത്ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് ഒളിവില്‍ തന്നെ. തൃശ്ശൂര്‍ പാവറട്ടി കൈതക്കല്‍ വീട്ടില്‍ മൗസ മെഹ്രിസിനെ(21)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ ആരോപണ വിധേയനായ കോഴിക്കോട് കോവൂര്‍ സ്വദേശിയായ യുവാവ് ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.
വെള്ളിയാഴ്ച ഇയാള്‍ ഗൂഡല്ലൂരില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചേവായൂര്‍ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. ഒരു പച്ച കാറില്‍ യുവാവ് നഗരത്തിലുണ്ടായിരുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. അതിന് രണ്ടുദിവസം മുമ്പ് വയനാട്ടിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു.
അതേസമയം യുവാവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. യുവതിയുടെ ഫോണ്‍ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. എന്നാല്‍ യുവാവിന്റെ പേരില്‍ കേസെടുക്കാനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇയാള്‍ ഒളിവില്‍ കഴിയുന്നതിന്റെ കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.
വെള്ളിമാടുകുന്ന് ഇരിങ്ങാടന്‍പള്ളി റോഡിന് സമീപത്തുള്ള ജനതാറോഡിലെ റെന്റ് ഹൗസിന്റെ തൊട്ടടുത്തുള്ള മുറിയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തലശ്ശേരി സ്വദേശിയായ സുഹൃത്ത് തിങ്കളാഴ്ച താമസസ്ഥലത്തെത്തി മൗസയെ അന്വേഷിച്ചിരുന്നു. കിടപ്പുമുറിയുടെ ഉള്ളില്‍ നിന്ന് അടച്ചിട്ടിരുന്നു. മുറി തള്ളിത്തുറന്നതോടെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൗസയെ കണ്ടെത്തിയത്. പാവറട്ടി സ്വദേശി കൈതക്കല്‍ വീട്ടില്‍ റഷീദിന്റെ മകളാണ് മൗസ. ചേവായൂര്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.


