കോഴിക്കോട് : വർധിച്ച് വരുന്ന ലഹരി മാഫിയയുടെ അതിക്രമങ്ങൾക്ക് പ്രതിരോധം തീർക്കേണ്ട സംസ്ഥാന സർക്കാർ ഉറക്കം നടിക്കുന്നതിനെതിരെ മാർച്ച് 8 ന് ശനിയാഴ്ച്ച ജില്ലാ കേന്ദ്രങ്ങളിൽ നൈറ്റ് അലർട്ട് സംഘടിപ്പിക്കാൻ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ രാത്രി 10മണിക്ക് ആരംഭിച്ച് പുലർച്ചെ 3മണി വരെ നടക്കുന്ന നൈറ്റ് അലെർട്ടിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധം ഉയർത്തുന്നതോടൊപ്പം ലഹരി വിരുദ്ധ ബോധവത്കരണ പ്രഭാഷണങ്ങളും സംഘടിപ്പിക്കും.
സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗങ്ങളിലും ലഹരി മാഫിയ വിലസുകയാണ്. ക്യാമ്പസുകളെ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചാണ് ലഹരി മാഫിയ പ്രധാനമായും പ്രവർത്തിക്കുന്നത്. കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്രിമിനൽ കേസുകളിലെല്ലാം ലഹരി ഒരു പ്രധാന ഘടകമാണ്. വീട്ടിലുള്ളവരെ പോലും കൊലപ്പെടുത്തുന്ന ഭീകരമായ വാർത്തകളാണ് ഓരോ ദിനവും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനെ ക്രിയാത്മകമായി തടയിടേണ്ട സംസ്ഥാന സർക്കാർ നിഷ്ക്രിയരായി മാറിയിരിക്കുന്നു. ലഹരി മാഫിയ വിലസുന്ന പ്രദേശങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിന് പൊലീസ് തയ്യാറാവുന്നില്ല എന്ന് വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാറിനെതിരെ മുസ്ലിം യൂത്ത് ലീഗ് സമരവുമായി മുന്നോട്ട് വരുന്നത്. അതോടൊപ്പം മാർച്ച് 10മുതൽ 25 വരെയുള്ള ദിവസങ്ങളിലായി പഞ്ചായത്ത് തലങ്ങളിൽ ലഹരി വിരുദ്ധ കൂട്ടായ്മയും നടത്തും. യുവജന സംഘടനകളെയും ക്ലബ്ബുകളെയും ഏകോപിപ്പിച്ച് ജാഗ്രതാ സമിതി രൂപീകരിക്കൽ, വിപുലമായ ഹൗസ് ക്യാമ്പയിൻ തുടങ്ങിയവ ലഹരി വിരുദ്ധ കൂട്ടായ്മയുടെ ഭാഗമായി സംഘടിപ്പിക്കാനും സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. കെ ഫിറോസ് സംഘടന കാര്യങ്ങൾ വിശദീകരിച്ചു. സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ, വൈസ് പ്രസിഡന്റ്മാരായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്റഫ് എടനീർ, സെക്രട്ടറിമാരായ അഡ്വ. നസീർ കാര്യറ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ, ഫാത്തിമ തെഹ്ലിയ ചർച്ചയിൽ പങ്കെടുത്തു.


