ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസില്‍ വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊലീസ്. കേസ് ഫാസ്റ്റ് കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്കി. അതിനായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും. വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി പൊലീസ് 30ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചു.
മുനമ്പം ഡി.വൈ.എസ്.പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. കേസില്‍ 1000 പേജുകളുള്ള കുറ്റപത്രമാണ് തയ്യാറാക്കി. 112 സാക്ഷികളും 60 തെളിവുകളും അന്വേഷണ സംഘം ഉള്‍പ്പെടുത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും കുട്ടികളുടെ മൊഴിയുമാണ് കേസില്‍ നിര്‍ണായകമായത്.
പ്രതി ഋതുവിന് കടുത്ത വൈരാഗ്യമാണ് ഉണ്ടായിരുന്നതെന്നും കൊലപാതകം നടത്താന്‍ ഉറപ്പിച്ചാണ് എത്തിയതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മരണമുറപ്പിക്കാന്‍ മൂന്നുപേരുടെയും തലയില്‍ നിരവധി തവണ കമ്പി വടി കൊണ്ടടിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം കൊലപാതകം നടത്തിയതിനു ശേഷവും പ്രതിക്ക് കുറ്റബോധമില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. കൃത്യം നടത്തുമ്പോഴും പ്രതി ലഹരി വസ്തു ഉപയോഗിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. മാനസിക വൈകല്യമുള്ള ആളല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊല ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതി പറഞ്ഞിരുന്നു.
ജനുവരി 16 ന് വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പേരപ്പാടം കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരെ അയല്‍വാസിയായ ഋതു വീട്ടില്‍ക്കയറി ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനീഷയുടെ ഭര്‍ത്താവ് ജിതിന് ചികിത്സയില്‍ തുടരുന്നു.


