ഡല്‍ഹിയില്‍ ഇന്ന് കോണ്‍ഗ്രസ് നേതൃയോഗം ചേരും. വൈകീട്ട് നാലിന് എ.ഐ.സി.സിയുടെ പുതിയ ആസ്ഥാനത്താണ് യോഗം ചേരുക. കെ.പി.സി.സി പുനഃസംഘടന, ഡി.സി.സി യിലെ അഴിച്ചു പണി, തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനാണ് ഹൈക്കമാന്‍ഡ് കേരളത്തിലെ നേതാക്കളുടെ യോഗം വിളിച്ചിരിക്കുന്നത്.
മുതിര്‍ന്ന എം.പിമാര്‍, കെ.പി.സി.സി മുന്‍ അധ്യക്ഷന്മാര്, ഭാരവാഹികള്‍, പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക. കെ.പി.സി.സി പ്രസിഡന്റിനെ മാറ്റുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും നടക്കും. കെ സുധാകരന്, രമേശ് ചെന്നിത്തല, ശശി തരൂര്‍, എം.കെ രാഘവന്, എം. എം ഹസന് അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ കെ. സുധാകരന് കഴിഞ്ഞ ദിവസം ഉപാധിവെച്ചിരുന്നു. രമേശ് ചെന്നിത്തലക്ക് നല്‍കിയത് പോലെ പ്രവര്‍ത്തക സമിതിയില്‍ ക്ഷണിതാവ് ആകണമെന്നും നിയമസഭാ സീറ്റും രണ്ട് ഡി.സി.സി പ്രസിഡന്റ് പദവികളും വേണമെന്നുമാണ് കെ. സുധാകരന് മുന്നോട്ടുവച്ച ഉപാധി.
അതേസമയം, മാറ്റുന്നതും മാറ്റാതിരിക്കുന്നതും ഹൈക്കമാന്റ് ആണ് തീരുമാനിക്കുന്നതെന്ന് റിപ്പോര്‍ട്ടിന് പിന്നാലെ കെ. സുധാകരന് പ്രതികരിച്ചത്. തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ല. പാര്‍ട്ടിയില്‍ ലഭിച്ച സ്ഥാനങ്ങളില്‍ പൂര്‍ണ തൃപ്തനാണ്. എഐസിസിക്ക് മാറ്റണമെങ്കില്‍ മാറ്റാമെന്നും സുധാകരന് പറഞ്ഞിരുന്നു.


