മലപ്പുറം നിലമ്പൂര്‍ ചോളമുണ്ടയില്‍ ചരിഞ്ഞ ‘കസേര കൊമ്പന്റെ’ ജഡത്തില്‍ നിന്ന് വെടിയുണ്ട കണ്ടെത്തി. വെറ്റിനറി സര്ജന്മാരടക്കം നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് വെടിയുണ്ട കണ്ടെത്തിയത്. കരുളായി വനത്തിലായിരുന്നു പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടന്നത്. അതേസമയം വെടിയുണ്ടയുടെ പഴക്കം കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി വെടിയുണ്ട ബാലസ്റ്റിക് പരിശോധനയ്ക്ക് അയക്കും. ആനയുടെ മരണകാരണം ഹൃദയാഘാതമെന്നായിരുന്നു വനം വകുപ്പ് അറിയിച്ചിരുന്നത്.
കാട്ടാന ചോളമുണ്ടയിലെത്തുന്നതിന് മുമ്പ് തമിഴ്നാട് വനമേഖലയിലായിരുന്നുവെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. അതിനാല്‍ വെടിയേറ്റത് തമിഴ്നാട്ടില്‍ നിന്നാണോ കേരളത്തില്‍ നിന്നാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ആനയുടെ പ്രായാധിക്യവും പഴയ മുറിവുകളുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാട്ടാന സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയില്‍ വീണായിരുന്നു ചരിഞ്ഞത്. ഖാദര്‍ എന്നയാളുടെ സ്ഥലത്താണ് പുലര്‍ച്ചെ നാലുമണിയോടെ ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആനയ്ക്ക് 40 വയസ്സോളം പ്രായമുണ്ടെന്നാണ് കണക്കാക്കുന്നത്.


