വയനാട് പുനരധിവാസത്തിനുള്ള രണ്ടാംഘട്ട പട്ടിക പുറത്തുവിട്ടിരുന്നു. എന്നാല്‍ മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രത്തോട് ചേര്‍ന്ന പുഞ്ചിരിമട്ടത്തെ ഗോത്ര വിഭാഗക്കാര്‍ ഈ ലിസ്റ്റില്‍ നിന്നും പുറത്താണ്. ഈ പ്രദേശം താമസ യോഗ്യമല്ലെന്നായിരുന്നു നേരത്തെ ഭൗമശാസ്ത്ര വിദഗ്ധന്‍ ഡോ.ജോണ്‍ മത്തായി സാക്ഷ്യപ്പെടുത്തിയത്.
ഉരുള്‍പൊട്ടല്‍ നടന്ന മലയുടെ മുകള്‍ വശത്താണ് ഗോത്ര വിഭാഗത്തിപെട്ടവരുടെ വീട്. ഇവിടെ ദുരന്തം സൃഷ്ടിച്ച വലിയ ഗര്‍ത്തം കാണാം. തൊട്ടടുത്തായി പണിയ വിഭാഗക്കാര്‍ താമസിക്കുന്ന വീടുകളുമുണ്ട്. എന്നാല്‍ ഈ വീട്ടുകാരെല്ലാം സര്‍ക്കാരിന്റെ പുനരധിവാസ പട്ടികയ്ക്ക് പുറത്തായതിനാല്‍ അവര്‍ ഇവിടെത്തന്നെ താമസിക്കേണ്ട ഗതികേടിലാണ്. ഇവിടത്തെ വൈദ്യുതിയും വിഛേദിച്ച നിലയിലാണ്.
ഉരുള്‍പൊട്ടല്‍ ഏറ്റവുമധികം നാശം വിതച്ച പുഞ്ചിരിമട്ടം ഇനി താമസയോഗ്യമല്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഡോ ജോണ്‍ മത്തായി സമിതിയുടെ ആദ്യ കണ്ടെത്തല്‍.


