ഉത്തര്‍പ്രദേശില്‍ കോഴികളുമായി എത്തിയ ലോറി മറിഞ്ഞ് അപകടം. ഉത്തര്‍പ്രദേശിലെ കനൗജില്‍ ആഗ്ര എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. എന്നാല്‍ ലോറി മറിഞ്ഞതോടെ കോഴികളെ പിടികൂടാന്‍ ഓടിക്കൂടിയ ജനങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അപകടത്തില്‍ പരുക്കേറ്റ ഡ്രൈവറേയും സഹായിയേയും തിരിഞ്ഞു നോക്കാതെ പരമാവധി കോഴികളെ പിടികൂടി വീട്ടില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ജനക്കൂട്ടത്തെ ദൃശ്യങ്ങളില്‍ കാണാം. .
അപകടസ്ഥലത്ത് പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഡ്രൈവര്‍ സലീമും സഹായി കലീമും അമേത്തിയില്‍ നിന്ന് ഫിറോസാബാദിലേക്ക് ആഗ്ര-ലഖ്നൗ എക്സ്പ്രസ്വേ വഴി കോഴികളെ കൊണ്ടുപോകുകയായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ്, സകരാവയിലെത്തിയപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്ന് അഡീഷണല്‍ എസ്പി അജയ് കുമാര്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ നടപടി സ്വീകരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.


