ഗസ്സയിലെ ജനങ്ങളൈ നിര്‍ബന്ധപൂര്‍വം അവരുടെ സ്ഥലങ്ങളില്‍ നിന്നും ഒഴിപ്പിക്കുന്നത് ക്രൂരതയാണെന്ന് തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്. മേഖലയുടെ ചരിത്രം, മൂല്യങ്ങള്‍ എന്നിവ അവഗണിക്കുന്ന സമീപനം ഗസയെ സംബന്ധിച്ചടുത്തോളം സ്വീകരിക്കാതിരിക്കുകയാണ് നല്ലതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
അതേസമയം ഗസ്സയിലെ ജനങ്ങള്‍ അനുഭവിച്ച ദുരന്തം വിസ്മരിക്കുന്നത് യു.എസിന് ഗുണകരമാവില്ലെന്നും ഉര്ദുഗാന് പറഞ്ഞു. യുദ്ധത്തേക്കാളുപരി സമാധാനത്തിന് പ്രാധാന്യം നല്‍കുമെന്ന തെരഞ്ഞെടുപ്പിന് മുമ്പുള്ള വാഗ്ദാനം പാലിക്കാന്‍ യു.എസ് പ്രസിഡന്റ് തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫലസ്തീനിലെ ജനങ്ങെള സംരക്ഷിക്കുകയും ഒപ്പം പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുകയുമാണ് വേണ്ടതെന്നും ഉര്ദുഗാന് വ്യക്തമാക്കി. ഫലസ്തീന് അവകാശങ്ങള്‍ക്ക് വേണ്ടിയാണ് തുര്‍ക്കിയ നിലകൊണ്ടതെന്നും അന്താരാഷ്ട്ര വേദികളില്‍ ഫലസ്തീന് നേരിടുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെയാണ് വിവാദ പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയത്. ഗസ്സയെ വലിയ റിയല്‍ എസ്റ്റേറ്റ് സൈറ്റ് ആയി കണക്കാക്കണമെന്നായിരുന്നു ട്രംപിന്റെ വിവാദ പ്രസ്താവന. ഗസ്സക്കാര്‍ക്ക് തിരികെ വരാന്‍ ഇപ്പോള്‍ അവിടെ ഒന്നുമില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.


