കൊല്ലം കരുനാഗപ്പള്ളിയില്‍ തെരുവുനായ ആക്രമണം. രണ്ടരവയസ്സുകാരന് നേരെയാണ് ആക്രമണമുണ്ടായത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞിന്റെ ചെവി തെരുവുനായ കടിച്ചെടുത്തു. പടനായര്‍കുളങ്ങര വടക്ക് കുമരേത്ത് പടിഞ്ഞാറെ തറയില്‍ സംഗീതയുടെയും ശ്യാംകുമാറിന്റെയും മകന് ആദിനാഥിനെയാണ് തെരുവ് നായ ആക്രമിച്ചത്.
മുത്തച്ഛനൊപ്പം വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നെറ്റിക്കും കഴുത്തിലും പരുക്കേറ്റിട്ടുണ്ട്.
കുട്ടിയുടെ സമീപമുണ്ടായിരുന്ന മുത്തച്ഛന് നായയെ കല്ലെറിഞ്ഞ് ഓടിച്ചെങ്കിലും നായയെ പൂര്‍ണമായി മാറ്റാന്‍ കഴിഞ്ഞില്ല. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് പ്രാഥമിക ചികിത്സ നല്കി. ശേഷം ചെവി പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്ന ഡോക്ടര്‍ ഇല്ലാതിരുന്നതിനാല്‍ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ അനസ്തേഷ്യ നല്‍കുന്നതിലെ തടസം കാരണം പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ സാധിച്ചില്ല.
ചെവിയുടെ ഭാഗം തുന്നിച്ചേര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.


