വയനാട് മുള്ളങ്കൊല്ലിയില്‍ ജനവാസ മേഖലയിലിറങ്ങിയിരുന്ന കുട്ടികൊമ്പന് ചരിഞ്ഞു. മുത്തങ്ങ ആനപ്പന്തിയില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചയോടെയാണ് ചരിഞ്ഞത്. തിങ്കളാഴ്ച രാത്രി വരെ കുട്ടിക്കൊമ്പന് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് ആരോഗ്യനില വഷളാവുകയായിരുന്നു. കടുവയുടെ ആക്രമണം കാരണം ഇടതു കാലിനും തുമ്പിക്കൈക്കും അടക്കം പതിനേഴോളം മുറിവുകളാണ് ആനയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്.
വൈല്‍ഡ് ലൈഫ് വാര്ഡന് വരുണ്‍ ഡാലിയ, ബേഗൂര്‍ റെയിഞ്ചര്‍ എസ്. രഞ്ജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചീഫ് ഫോറസ്റ്റ് വെറ്ററിനറി സര്ജന് ഡോ.അരുണ്‍ സക്കറിയ, ഫോറസ്റ്റ് വെറ്ററിനറി സര്ജന് ഡോ.അജേഷ് മോഹന്‍ദാസ് എന്നിവരടങ്ങുന്ന വിദഗ്ധസംഘം പോസ്റ്റ്മോര്‍ട്ടം നടത്തി ജഡം സംസ്കരിച്ചു.
ജനുവരി പത്തിനാണ് മാനന്തവാടി കാട്ടിക്കുളം എടയൂര്‍കുന്നില്‍ ജനവാസകേന്ദ്രത്തില്‍ ഒറ്റപ്പെട്ട നിലയില്‍ കുട്ടി കൊമ്പനെ കണ്ടെത്തിയത്. നേരത്തെ ആനയ്ക്ക് ചികിത്സ നല്‍കിയശേഷം ബേഗൂര്‍ റേഞ്ചില്‍ വനത്തില്‍ വിട്ടിരുന്നു. എന്നാല്‍ ആനകള്‍ കൂട്ടത്തില്‍ ചേര്‍ക്കാന്‍ തയ്യാറായില്ല. ഇതോടെ കുട്ടിയാന വീണ്ടും ജനവാസ മേഖലകളിലേക്ക് ഇറങ്ങി വരുകയായിരുന്നു.
പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടിയാനയെ പിടികൂടി മുത്തങ്ങ ആനപ്പന്തിയില്‍ എത്തിക്കുകയായിരുന്നു.


