കോഴിക്കോട് : രക്തദാനം മാനവികതയോടുള്ള ഐക്യദാർഢ്യമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആറ് മാസക്കാല രക്തദാന ക്യാമ്പയിനിൻ്റെ പ്രഖ്യാപനം നടത്തുകയായിരുന്നു തങ്ങൾ. ജാതി-മത – രാഷ്ട്രീയ ഭേദമില്ലാതെ സമൂഹം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണ് രക്തദാനം. പരസ്പരം ചേർത്ത് പിടിക്കലിൻ്റെ സന്ദേശമാണ് ഇത് പകർന്ന് നൽകുന്നതെന്നും തങ്ങൾ വ്യക്തമാക്കി.
അപകടത്തെ തുടർന്നുള്ള ചികിത്സയുമായി ബന്ധപ്പെട്ട് അനുയോജ്യ രക്തത്തിൻ്റെ ലഭ്യതക്കുറവ് കാരണം മരണ വരെ സംഭവിക്കുന്ന വാർത്തകൾ നിരന്തരം പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. പല ആശുപത്രികളിലും രക്തം സ്റ്റോക്ക് ഇല്ലാത്ത സാഹചര്യമാണുള്ളത്. ഇത് മൂലം ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ ഇത്തരം ക്യാമ്പയിൻ കൊണ്ട് സാധിക്കും. 50000 പേരുടെ രക്തദാനം എന്ന മഹത്തായ ലക്ഷ്യമാണ് യൂത്ത് ലീഗ് മുന്നോട്ട് വെക്കുന്നത്. ഇതിലൂടെ യുവത്വത്തെ സാമൂഹ്യ നൻമക്കായി ഉപയോഗപ്പെടുത്താനാണ് യൂത്ത് ലീഗ് ഉദ്ദേശിക്കുന്നതെന്നും പദ്ധതിക്ക് എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും മുനവ്വറലി തങ്ങൾ കൂട്ടിച്ചേർത്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്, ട്രഷറർ പി. ഇസ്മായിൽ, സംസ്ഥാന സെക്രട്ടറിയും ക്യാമ്പയിൻ സംസ്ഥാന കോർഡിനേറ്ററുമായസി. കെ മുഹമ്മദലി, സംസ്ഥാന സെക്രട്ടറിമാരായ ടിപിഎം ജിഷാൻ, ഫാത്തിമ തെഹ്ലിയ പ്രഖ്യാപന ചടങ്ങിൽ സംബന്ധിച്ചു
ഡോ. നിധിൻ (എം. വി. ആർ ക്യാൻസർ സെന്റർ), എം.എസ്. എഫ് ദേശീയ പ്രസിഡന്റ് പി. വി അഹമ്മദ് സാജു, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ..എം.എ റഷീദ്, എ. സിജിത്ത് ഖാൻ, ക്യാമ്പയിൻ ജില്ല കോർഡിനേറ്റർ ഷഫീഖ് അരക്കിണർ, വനിത ലീഗ് സംസ്ഥാന സെക്രട്ടറി ബ്രസീലിയ ഷംസുദീൻ, സൗത്ത് മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സിറാജ് കിണാശ്ശേരി, ക്യാമ്പയിൻ മണ്ഡലം കോർഡിനേറ്റർ ഹൈദർ, സൗത്ത് മണ്ഡലം വനിത ലീഗ് പ്രസിഡന്റ് മുൻഷിറ സാദത്ത്, ജനറൽ സെക്രട്ടറി നഫ് ല ഫിറോസ്, ട്രഷറർ ഷെറീന റിയാസ് ക്യാമ്പിന് നേതൃത്വം നൽകി.


