കലിഫോര്‍ണിയയിലെ ജലനയങ്ങള്‍ അസാധുവാക്കാന്‍ ഉത്തരവിട്ട് ഡോണള്‍ഡ് ട്രംപ്. ലോസ് ആഞ്ചല്ലസിലെ തീയണക്കല്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ആവശ്യമെങ്കില്‍ കലിഫോര്‍ണിയയുടെ ജലനയം റദ്ദാക്കാന്‍ ഫെഡറല്‍ സര്‍ക്കാറിന് ട്രംപ് നിര്‍ദേശം നല്‍കിയത്. ലോസ് ആഞ്ചലസ് സന്ദര്‍ശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ട്രംപിന്റെ ഉത്തരവ്.
പ്രദേശത്തെ തീ അണക്കുന്നതിനായി സംസ്ഥാനത്തിന്റെ വടക്കു ഭാഗങ്ങളില്‍ നിന്ന് വെള്ളം നല്കാന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന് ന്യൂസമും മറ്റ് ഉദ്യോഗസ്ഥരും വിസമ്മതിച്ചുവെന്ന തെറ്റായ വാദവും ട്രംപ് ഉന്നയിച്ചു. സംസ്ഥാന നിയമങ്ങളോട് വിരുദ്ധമാണെങ്കിലും കൂടുതല്‍ ജലവും ജലവൈദ്യുതിയും വിതരണത്തിനുമായി ഡാമുകളുടെയും കനാലുകളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും ശൃംഖലയായ സെന്‍ട്രല്‍ വാലി പ്രോജക്റ്റ് വഴിയുള്ള വിതരണത്തിന് യു.എസ് ബ്യൂറോ ഓഫ് റിക്ലമേഷനോട് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
അതേസമയം, ലോസ് ആഞ്ചലസില്‍ ജലക്ഷാമം ഇല്ലാത്തതിനാല്‍ അഗ്നിശമന പ്രവര്‍ത്തനങ്ങളില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ന്യൂസമിന്റെ വക്താവ് പറഞ്ഞു. ഒന്നുകില്‍ കലിഫോര്‍ണിയയില്‍ എങ്ങനെ വെള്ളം സംഭരിക്കുന്നു എന്നതിനെക്കുറിച്ച് ട്രംപിന് അറിയില്ല, അല്ലെങ്കില്‍ ബോധപൂര്‍വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു -ന്യൂസമിന്റെ വക്താവ് ടെറ ഗാലഗോസ് കൂട്ടിച്ചേര്‍ത്തു.


