വാഷിങ്ടണ്‍: വിദേശഫണ്ട് നല്കുന്നതില് നിയന്ത്രണവുമായി യു.എസ്. യുക്രെയ്ന് ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങള്‍ക്ക് നല്കുന്ന ഫണ്ടാണ് യു എസ് നിര്‍ത്തലാക്കിയിട്ടുള്ളത്. ഇസ്രാഈലിനും ഈജിപ്തിനും മാത്രമാണ് ഇക്കാര്യത്തില്‍ യുഎസ് ഇളവ് അനുവദിച്ചിട്ടുള്ളത്. ഇരു രാജ്യങ്ങളിലേക്കുമുള്ള അടിയന്തര ഭക്ഷ്യ-സൈനിക സഹായം യു.എസ് നിര്‍ത്തിയിട്ടില്ലെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു.
യു.എസ് സ്റ്റേറ് സെക്രട്ടറി മാര്‍കോ റുബിയോയാണ് ഇത്തരത്തിലുള്ള നിര്‍ദേശം നല്‍കിയിട്ടുള്ളത്. വിദേശസഹായം നല്‍കുന്നതിനായി പുതിയ ബാധ്യതകള്‍ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മാര്‍കോ റുബിയോ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
മൂന്ന് മാസത്തേക്കാവും സഹായം നല്കുന്നതില് ന്യന്ത്രണമെന്നാണ് സൂചന. തുടര്‍ന്ന് സഹായം നല്‍കുന്നത് പുനഃസ്ഥാപിക്കണോയെന്നതില് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ആരോഗ്യപദ്ധതികള്‍ക്ക് നല്കുന്ന സഹായമുള്‍പ്പടെ നിര്‍ത്തലാക്കുമെന്നാണ് സൂചന.
വിഷയത്തില്‍ യുക്രെയ്ന് ഇളവ് നല്‍കുമെന്ന ഒരു സൂചനയും യു.എസും നല്‍കിയിട്ടില്ല. ഫെബ്രുവരിയില്‍ റഷ്യ ആക്രമണം തുടങ്ങിയതിന് ശേഷം യുക്രെയ്ന് വന്‍തോതില്‍ സഹായം നല്‍കിയത് യു.എസ് ആയിരുന്നു.


