കഠിനംകുളത്ത് വീടിനുള്ളില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജോണ്സണ് ഔസേപ്പിന്റെ കൂടുതല്‍ മൊഴികള്‍ പുറത്തുവരുന്നു. യുവതിയെ കാണാനെത്തിയത് ബൈക്ക് വിറ്റിട്ടാണെന്നും പ്രതി പൊലീസിന് മൊഴി നല്കി. കുട്ടിയുമായി കൂടെ വരാന്‍ പല തവണ പറഞ്ഞിട്ടും തയാറാകാത്തതു കൊണ്ടാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും പ്രതി മൊഴി നല്കി. യുവതിയെ കൊലപ്പെടുത്താനായി കത്തി വാങ്ങിയത് ചിറയിന്‍കീഴില്‍ നിന്നാണന്നും പൊലീസ് അന്വേഷണ സംഘത്തിനു ജോണ്സണ് മൊഴി നല്കി.
ജനുവരി ഏഴിന് പരസ്പരം കണ്ടതായും അന്ന് ബുള്ളറ്റില്‍ ഒരുമിച്ചു യാത്ര ചെയ്തിരുന്നതായും പ്രതി മൊഴി നല്കി. കൊലപാതകം നടന്ന ദിവസം പെരുമാതുറയിലെ മുറിയില്‍ നിന്ന് രാവിലെ 6.30 ഓടെ യുവതി താമസിക്കുന്ന വീടിന് സമീപം പ്രതി എത്തുകയായിരുന്നു. കുട്ടി സ്കൂളില്‍ പോകുന്നതുവരെ അവിടെ നിന്നെന്നും അതിനിടെ ഇരുവരും ഫോണില്‍ സംസാരിച്ചതായും പ്രതിയുടെ മൊഴിയില്‍ പറയുന്നു.
വീട്ടിനുള്ളിലെത്തിയ ശേഷം ജോണ്സന് യുവതി ചായ നല്‍കിയെന്നും ഇതിനോടകം കൈയില്‍ കരുതിയിരുന്ന കത്തി പ്രതി മുറിയിലെ മെത്തയ്ക്കുള്ളില്‍ ഒളിപ്പിച്ചെന്നും പറയുന്നു.
ശേഷം മെത്തക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് യുവതിയുടെ കൊലപ്പെടുത്തിയെന്നും രക്തംപുരണ്ട ഷര്‍ട്ട് അവിടെ ഉപേക്ഷിച്ച് യുവതിയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ടെടുത്ത് സ്കൂട്ടറില്‍ രക്ഷപ്പെട്ടെന്നും പറയുന്നു. തുടര്‍ന്ന് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിനില്‍ കോട്ടയത്തേക്ക് പോയെന്നും പ്രതിയുടെ മൊഴിയില്‍ പറയുന്നു.
ജോണ്‍സണെ കോട്ടയം ചിങ്ങവനം പൊലീസാണ് അറസ്റ്റ് ചെയ്തത്. ജനുവരി ഏഴിനുശേഷം ഇയാള്‍ ഹോംനഴ്സായി ചെയ്തിരുന്ന സ്ഥലത്തേക്ക് പോയിട്ടില്ല. എന്നാല്‍ വ്യാഴാഴ്ച സാധനങ്ങള്‍ എടുക്കാനെത്തിയപ്പോള്‍ വീട്ടുകാര്‍ക്കു സംശയം തോന്നിയപ്പോള്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു.
വിഷം കഴിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്.


