മംഗളൂരുവില്‍ ബാങ്ക് കവര്‍ച്ച നടത്തിയ സംഘത്തിലെ മൂന്ന് പ്രതികള്‍ പിടിയില്‍. രണ്ട് പ്രതികള്‍ക്ക് കൂടിയുള്ള തിരച്ചില്‍ തുടരുകയാണ്. സംഘം കവര്‍ച്ചയ്ക്കു വേണ്ടി ഉപയോഗിച്ച കാറും ആയുധങ്ങളും കണ്ടെടുത്തു. തമിഴ്നാട് തിരുവണ്ണാമലൈയില്‍ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
തോക്കുമായെത്തിയ അക്രമിസംഘം ബാങ്കില്‍ നിന്ന് 12 കോടിയോളം രൂപ കവര്‍ച്ച നടത്തിയിരുന്നു. മംഗലാപുരത്തെ ഉള്ളാളിലുള്ള കൊട്ടേക്കര്‍ സഹകരണ ബാങ്കിലായിരുന്നു കവര്‍ച്ച നടന്നത്. മുഖംമൂടി ധരിച്ച് കാറിലെത്തിയ അഞ്ചംഗസംഘമാണ് കവര്‍ച്ച നടത്തിയത്. സ്വര്‍ണവും പണവുമടക്കം 12 കോടിയോളം സംഘം തട്ടിയെടുത്തിരുന്നു.
സംഭവം നടക്കുന്ന ദിവസം ബാങ്കിലെ സിസിടിവി കാമറകള്‍ സര്‍വീസ് ചെയ്യുകയായിരുന്നു. ഇത് മനസിലാക്കിയ സംഘം ആ സമയം എത്തുകയായിരുന്നു. അതേസമയം സംഘം സഞ്ചരിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റ് പരിശോധിച്ചെങ്കിലും ഇത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.


