തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടലില്‍ രണ്ടുപേര്‍ മരിച്ചനിലയില്‍. ബമന്‍, മുക്ത എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.
തമ്പാനൂര്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍ കഴിഞ്ഞ ദിവസമാണ് ഇരുവരും മുറി എടുത്തത്. ഹോട്ടലില്‍ നല്കിയ രേഖകള്‍ അനുസരിച്ച് ഇരുവരും മഹാരാഷ്ട്ര സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞു. മുക്ത ഭിന്നശേഷിക്കാരിയാണെന്നാണ് സംശയിക്കുന്നത്. ചികിത്സയ്ക്കായാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയത് എന്നാണ് വിവരം.
ഇന്ന് രാവിലെ ഹോട്ടല്‍ ജീവനക്കാര്‍ ചായയുമായി എത്തിയിട്ടും ഇവര്‍ വാതില്‍ തുറന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാര്‍ വാതില്‍ തകര്‍ത്ത് അകത്തുകടക്കുകയായിരുന്നു. തുടര്‍ന്ന് പുരുഷനെ തൂങ്ങിമരിച്ച നിലയിലും സ്ത്രീയെ കിടക്കയില്‍ മരിച്ചനിലയിലും കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ തമ്പാനൂര്‍ പൊലീസിനെ വിവരം അറിയിച്ചു.
സംഭവത്തില്‍ ആത്മഹത്യയാണോ അതോ പുരുഷന് സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണോ എന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.


