കൂത്താട്ടുകുളം നഗരസഭയില്‍ അരങ്ങേറിയത് കേട്ടുകേള്‍വിയില്ലാത്ത നാടകീയ രംഗങ്ങള്‍. കൂറുമാറ്റം ഭയന്ന് സ്വന്തം കൗണ്‍സിലറെ സിപിഎം തട്ടിക്കൊണ്ടുപോയെന്ന് പരാതി. അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെയായിരുന്നു കൗണ്‍സിലറെ കാണാതായത്. യുഡിഎഫിന്റെ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനിടെ കാണാതായ കൗണ്‍സിലര്‍ കലാ രാജുവിനെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്ന് കണ്ടെത്തി.
ചെയര്‍പേഴ്സനും വൈസ് ചെയര്‍പേഴ്സനും എതിരെ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരിക്കുകയായിരുന്നു. യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം കൗണ്‍സിലര്‍ കലാ രാജുവും രംഗത്തെത്തി. തുടര്‍ന്ന് കൂറുമാറ്റം ഭയന്ന് സിപിഎം നേതാക്കള്‍ തന്നെ സിപിഎം കൗണ്‍സിലറെ കടത്തി കൊണ്ടുപോയി. പിന്നാലെ സംഘര്‍ഷമുണ്ടായി. നിരവധി എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
ഇതിനിടെ അമ്മയെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് കലയുടെ മക്കള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ കാണാതായ കലാ രാജു സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ കണ്ടെത്തുകയായിരുന്നു. നേതാക്കള്‍ തന്നെ കലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മക്കള്‍ നല്കിയ പരാതിയില്‍ സിപിഎം ഏരിയ സെക്രട്ടറി, നഗരസഭാ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്മാന്, സിപിഎം ലോക്കല്‍ സെക്രട്ടറി, കൗണ്‍സിലര്‍ എന്നിവര്‍ ഉള്‍പ്പടെ കണ്ടാലറിയാവുന്ന 45 പേര്‍ക്ക് എതിരെയും പൊലീസ് കേസെടുത്തു.


