തെഹ്റാന്: ഇറാനിലെ സുപ്രീംകോടതിയിലെ രണ്ട് മുതിര്‍ന്ന ജസ്റ്റിസുമാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ തെഹ്റാനിലെ നിയമകാര്യ കെട്ടിടത്തിലുണ്ടായ വെടിവെപ്പിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടത്. കോടതിയുടെ വ്യത്യസ്ത ബ്രാഞ്ച് അധ്യക്ഷന്മാരായ ഹുജ്ജത്ത് അല്‍ ഇസ്ലാം റാസിനി, ഹുജ്ജത്ത് അല്‍ ഇസ്ലാം വല്‍ മുസ്ലിമീന് മൊഖ്സെ എന്നിവരാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച പുലര്‍ച്ചെ ആയുധധാരിയായ ഒരു അജ്ഞാതനാണ് കൊല നടത്തിയതെന്നും അതിനു ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തുവെന്നും ജുഡീഷ്യറിയുടെ മീഡിയ സെന്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. ചാരവൃത്തി, ഭീകരവാദം, ദേശീയ സുരക്ഷ എന്നിവക്കെതിരായ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതില്‍ സജീവമായി ഏര്‍പ്പെട്ടിരുന്നവാരായിരുന്നു കൊല്ലപ്പെട്ട ജഡ്ജിമാര്‍. ഇരുവരും ധൈര്യവും അനുഭവപരിചയവുമുള്ളവരായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
സംഭവത്തില്‍ ഒരു അംഗരക്ഷകനും പരിക്കേറ്റതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തെഹ്റാന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ഉള്‍പ്പെട്ടേക്കാവുന്ന മറ്റ് പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും അന്വേഷണം നടക്കുന്നതായി ഇറാന് മാധ്യമങ്ങള്‍ അറിയിച്ചു. 1998ല്‍ തെഹ്റാന് ജുഡീഷ്യറിയുടെ തലവനായി സേവനമനുഷ്ഠിക്കുമ്പോള്‍ ജസ്റ്റിസ് ഇസ്ലാം റസിനി ഒരു വധശ്രമത്തിന് വിധേയനായിരുന്നു.


