ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും ഹരിയാന എം.എല്‍.എയുമായ വിനേഷ് ഫോഗട്ട്.
രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയ പാര്‍ട്ടി മാത്രമാണ് ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതെന്നും ജാട്ട് ഒ.ബി.സി സംവരണം തലസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയത് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ആണെന്നും വിനേഷ് ഫോഗട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘കോണ്‍ഗ്രസ് എല്ലായ്പ്പോഴും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഒപ്പം നിന്നു. ബി.ജെ.പി മൂന്ന് കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നപ്പോള്‍ അരവിന്ദ് കെജ്രിവാളാണ് അതിന് ആദ്യം അനുമതി നല്‍കിയത്. അവര്‍ കര്‍ഷകര്‍ക്കും ജാട്ടുകള്‍ക്കും ദളിതര്‍ക്കും എതിരാണ്. അവര്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ മാത്രം മുഴുകുന്നു,’ വിനേഷ് ഫോഗട്ട് പറഞ്ഞു.
ഹരിയാനയില്‍ ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി സ്ത്രീകള്‍ക്ക് പ്രതിമാസം 2,100 രൂപ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നിട്ട് മൂന്ന് മാസമായി പക്ഷെ വാഗ്ദാനം ഇതുവരെയും നാടന്നിട്ടില്ല .
ആം ആദ്മി പാര്‍ട്ടി എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1000 രൂപ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും വിനേഷ് ഫോഗട്ട് പറഞ്ഞു. എന്നാല്‍ പഞ്ചാബില്‍ പാര്‍ട്ടി അധികാരത്തില്‍ വന്ന് മൂന്ന് വര്‍ഷമായിട്ടും വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസാകട്ടെ, എല്ലാ സംസ്ഥാനങ്ങളിലും നല്കിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയിട്ടുണ്ട്, ദല്‍ഹിക്കാര്‍ക്ക് വികസനം വേണമെങ്കില്‍, അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കുന്ന പാര്‍ട്ടിയില്‍ അവര്‍ വീണ്ടും വിശ്വാസം അര്‍പ്പിക്കണമെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.


