2012-2022 കാലയളവില്‍ വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത 27 പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതായി സിബിഐ റിപ്പോര്‍ട്ട്. വാളയാറിലെ സഹോദരിമാര്‍ മരിച്ച സംഭവത്തില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങള്‍ ദി ഹിന്ദുവാണ് റിപ്പോര്‍ട്ട് ചെയ്തത്.
2012 മുതല്‍ 2022 ഡിസംബര്‍ 20വരെയു് കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത 27 കേസുകളുടെ വിശദാംശങ്ങള്‍ അടങ്ങിയ ചാര്‍ട്ട് സിബിഐ കൊച്ചിയിലെ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 2010 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ജീവനൊടുക്കിയ, 13 വയസിന് താഴെയുള്ള കുട്ടികളുടെ സ്ഥിതിവിവരക്കണക്കുകള്‍ ഉള്‍ക്കൊള്ളുന്ന 101 പേജുള്ള ഒരു റിപ്പോര്‍ട്ടും സിബിഐ കോടതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പോക്സോ നിയമപ്രകാരം ഈ മേഖലയില്‍ 305 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. 2017 ജനുവരി 13ന് 13 വയസുകാരിയെ വാളയാറിലെ ഒറ്റമുറി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിന്നാലെ മാര്‍ച്ച് നാലിന് സഹോദരിയായ ഒന്‍പതു വയസുകാരിയെയും വീടിനകത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.


