ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്. ഈ രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന് സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്ക്രൈബര്‍മാരുണ്ട്. 450 ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന് സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ പാകിസ്താന് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താന് സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താന് യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.


