വഖഫ് ഭേദഗതി നിയമത്തിലെ ഹരജികളുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചുള്ള ബിജെപി എംപിമാരുടെ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ ലോക്സഭ സ്പീക്കര്‍ നടപടി എടുക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
‘ അങ്ങേയറ്റം ഭരണഘടന വിരുദ്ധമായ പ്രസ്താവനയാണ് നിഷികാന്ത് ദുബെയുടെത്. രാജ്യത്തിന്റെ ആരോഗ്യകരമായ അവസ്ഥയ്ക്ക് ഗുരുതര ഭീഷണിയാണിത്. തങ്ങള്‍ക്ക് അനുകൂലമല്ലാത്ത തീരുമാനങ്ങളുണ്ടാകുമ്പോള് ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുന്നു. സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്നും’- കെ.സി വേണുഗോപാല്‍ പറഞ്ഞു.
‘ഒരാളെ കൊണ്ട് ഒരു കാര്യം പറയിപ്പിക്കുക. എന്നിട്ട് തള്ളി പറയുകയാണ്. താക്കീത് കൊണ്ട് കാര്യമില്ല. എംപിമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബിജെപി തയ്യാറാണോ എന്നും’- കെ.സി വേണുഗോപാല്‍ ചോദിച്ചു.
സുപ്രിംകോടതി പരിധി വിടുകയാണെന്നും കോടതി നിയമങ്ങളുണ്ടാക്കാന്‍ തുടങ്ങുകയാണെങ്കില്‍ പാര്‍ലമെന്റ് മന്ദിരം അടച്ചിടാമെന്നുമാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള ലോക്സഭാംഗമായ ദുബേ പറഞ്ഞത്. ദുബെയുടെ അഭിപ്രായത്തെ പിന്താങ്ങുന്ന പ്രസ്താവനയാണ് ഉത്തര്‍പ്രദേശ് മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ ദിനേശ് ശര്‍മ്മ നടത്തിയത്.


