കൊച്ചി: ഇനി സിപിഎമ്മിനൊപ്പം തുടരില്ലെന്ന് കുത്താട്ടുകുളം നഗരസഭാ സിപിഎം വനിതാ കൗണ്‍സിലര്‍ കലാ രാജു. കടത്തികൊണ്ടു പോയതിന് ശേഷം ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ച് എസ്എഫ്ഐ നേതാവ് വിജയ് രഘു കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും കലാ രാജു പറഞ്ഞു. കോലഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കലാ രാജു രഹസ്യമൊഴി നല്‍കിയിരുന്നു.
‘ഞാന്‍ പറഞ്ഞവരെ അല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ വ്യാജന്മാരാണ്. ഇനി സിപിഎമ്മില്‍ പ്രവര്‍ത്തിക്കില്ല. പൊലീസിന് നല്കിയ മൊഴിയില്‍ ഉറച്ചു നില്ക്കുന്നു. കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെടുത്ത വിഡിയോ ആണ് പുറത്തുവന്നത്. എസ്എഫ്ഐ നേതാവ് വിജയ് രഘു ആണ് കത്തികാണിച്ച് ഭീഷണിപ്പെടുത്തിയത്. എന്റെ ജീവന് ഭീഷണിയുണ്ട്’ – കലാ രാജു പറഞ്ഞു
വനിതാ കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടു പോയ നഗരസഭാ ചെയര്‍പേഴ്സന്റെ ഔദ്യോഗിക വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വാഹനത്തിലുണ്ടായിരുന്നവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ പ്രധാന പ്രതികളിലേക്കെത്താനാണ് പൊലീസിന്റെ നീക്കം.


