പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ നോവായി ജീവനറ്റുകിടക്കുന്ന ഭര്‍ത്താവിനരികില്‍ കണ്ണീര്‍വറ്റിയിരിക്കുന്ന നവവധുവിന്റെ ചിത്രം. വിവാഹം കഴിഞ്ഞ് ആറാം നാള് മധുവിധു ആഘോഷിക്കാനായി ജമ്മുകശ്മീരിലെ പഹല്‍ഗാമിലേക്ക് എത്തിയതായിരുന്നു കൊച്ചിയില്‍ നാവികസേനാ ഉദ്യോഗസ്ഥനായ വിനയ് നര്‍വാളും ഹിമാന്‍ഷിയും. എന്നാല്‍ അവരുടെ സന്ദോഷങ്ങള്‍ അണഞ്ഞത് വളരെ വേഗത്തിലായിരുന്നു. പഹല്‍ഗാമിലെ പുല്‍മേടുകളില്‍ ഭീകരവാദികള്‍ തോക്കുമായി അഴിഞ്ഞാടിയപ്പോള്‍ ഹിമാന്‍ഷിയ്ക്ക് അവളുടെ പ്രിയപ്പെട്ടവനെ നഷ്ടമായി.
ബൈസാരന് താഴ്വരയിലെ ‘മിനി സ്വിറ്റ്സര്‍ലന്‍ഡ്’ എന്നറിയപ്പെടുന്ന പ്രദേശം അപ്രതീക്ഷിതമായാണ് ഭയത്തിന്റെ താഴ്വാരമായത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഭീകര്‍ സഞ്ചാരികള്‍ക്ക് ഇടയിലേക്ക് പാഞ്ഞെത്തിയത്. പ്രിയപ്പെട്ടവരെ സാക്ഷിയാക്കിയാണ് അവര്‍ ഒരോരുത്തര്‍ക്കും നേരെ വെടിയുതിര്‍ത്തത്.
ഭര്‍ത്താവിന്റെ മൃതദേഹത്തിനരികില്‍ ഒന്ന് കരയാന്‍ പോലും കഴിയാതെ നിശബ്ദയായി ഇരിക്കുന്ന ഹിമാന്‍ഷിയുടെ ചിത്രം രാജ്യത്തിന്റെ ഉള്ളുലയ്ക്കുകയാണ്.


