യുക്രൈന് വെടിനിര്‍ത്തലിന് തയ്യാറായത് പോലെ റഷ്യയും തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 30 ദിവസത്തെ ഇടക്കാല വെടിനിര്‍ത്തലിനാണ് യുക്രൈന് സമ്മതം അറിയിച്ചിട്ടുള്ളത്. അതേസമയം, യുക്രൈന് പ്രസിഡന്റിനെ വീണ്ടും യുഎസിലേക്ക് ക്ഷണിക്കുമെന്നും യുദ്ധ, ഇന്റലിജന്‍സ് സഹായങ്ങള്‍ പുനസ്ഥാപിക്കുമെന്നും ട്രംപ് പറഞ്ഞു. സൗദി മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ തീരുമാനം.
യു.എസുമായുള്ള ചര്‍ച്ചയില്‍ 30 ദിവസത്തെ ഇടക്കാല വെടിനിര്‍ത്തലിനാണ് യുക്രൈന് തയ്യാറായിട്ടള്ളത്. റഷ്യ കൂടി സമ്മതിച്ചാല്‍ ഇത് പ്രാബല്യത്തില്‍ വരും. തടവുകാരുടെ കൈമാറ്റം, കുട്ടികളുടെ കൈമാറ്റം, യുക്രൈനിലേക്കുള്ള സഹായം എന്നിവയിലും ധാരണയായി. ദീര്‍ഘകാല സമാധാന ശ്രമത്തിലേക്ക് യുഎസും യുക്രൈനും ചര്‍ച്ച തുടരുമെന്നും സംയുക്ത പ്രസ്താവന പറയുന്നു. നീക്കത്തിന് യൂറോപ്യന്‍ യൂണിയനും പിന്തുണ പ്രഖ്യാപിച്ചു.
റഷ്യയിലേക്ക് യുഎസിന്റെ പ്രത്യേക ദൂതന് നാളെ എത്തുമെന്നും റഷ്യ യെസ് പറയുമെന്നാണ് കരുതുന്നതെന്ന് ട്രംപും പറഞ്ഞു. വെടിനിര്‍ത്തല്‍ കര, വ്യോമ, നാവിക മേഖലയിലെല്ലാം ബാധകമായിരിക്കുമെന്ന് തീരുമാനത്തിന് ശേഷം യുക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി അറിയിച്ചു. ഇത് നടപ്പാക്കാന്‍ യുഎസ് റഷ്യയെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓവല്‍ ഓഫീസില്‍ ട്രംപും സെലന്‍സ്കിയും തമ്മില്‍ നടന്ന വാഗ്വാദത്തിന് ശേഷം യുക്രൈനുള്ള യുദ്ധ, ഇന്റലിജന്‍സ് പിന്തുണ യുഎസ് പിന്‍വലിച്ചിരുന്നു. ഇത് യുഎസ് ഉടനടി പുനസ്ഥാപിക്കും. ഇതിന് പകരമായി യുക്രൈനിലെ ഖനന മേഖലയിലെ കരാര്‍ യുഎസിന് നല്‍കും. ഇതു വഴി റഷ്യയുടെ ഭാവിയിലുള്ള ആക്രമണം കൂടി ചെറുക്കുകയാണ് ലക്ഷ്യം. എന്നാല്‍ നേരക്കെ യുക്രൈനുണ്ടായിരുന്ന യുഎസിന്റെ സുരക്ഷാ പിന്തുണ പുതിയ കരാറില്‍ കൃത്യമല്ല. ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടെ എന്തെല്ലാം വിട്ടുവീഴ്ചകള്‍ യുക്രൈന് നടത്തേണ്ടി വരുമെന്നതിലും വ്യക്തതയില്ല. സമാധാന ശ്രമങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.


