അനധികൃത കുടിയേറ്റക്കാരുമായി ഈ ആഴ്ച രണ്ട് വിമാനങ്ങള്‍ കൂടി ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 15ന് വിമാനം ശ്രീ ഗുരു രാംദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുമെന്ന് സൂചനയുള്ളതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
തുടര്‍ന്ന് മൂന്നാമത്തെ വിമാനം കുറച്ച് ദിവസങ്ങള്‍ക്ക് ശേഷവും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി അഞ്ചിന് 104 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായെത്തിയ യു.എസ് സൈനിക വിമാനം പഞ്ചാബിലെ അമൃത്സറില് ഇറങ്ങിയിരുന്നു. യാത്രക്കാരെ ചങ്ങലക്കിട്ട് സൈനിക വിമാനത്തില്‍ തിരിച്ചയച്ച നടപടി വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം നിശിത വിമര്‍ശനമുന്നയിച്ചത് കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു.
അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്. പ്രസിഡന്റ് ട്രംപും തമ്മിലുമ്ടായ കൂടിക്കാഴ്ച്ചക്ക് പിന്നാലെയാണ് പുതിയ വിമാനങ്ങള്‍ ഈയാഴ്ച എത്തുമെന്ന റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗ് ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ ഏകദേശം 18,000 ഇന്ത്യക്കാര്‍ രേഖകളില്ലാതെ താമസിക്കുന്നതായാണ് റിപ്പോര്‍ട്ട്.


