പഹല്‍ഗാം ഭീകരാക്രമണത്തിനിടെ ബി.ജെ.പി നേതാക്കളുമടക്കമുള്ള വിനോദസഞ്ചാരികളെ സ്വന്തം ജീവന് പോലും പണയപ്പെടുത്തി രക്ഷിച്ച കശ്മീരി ടൂറിസ്റ്റ് ഗൈഡ് നസകത്ത് അഹമ്മദ് ഷായെ പ്രശംസിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മുസ്ലിം സമൂഹത്തെ അന്യായമായി കുറ്റപ്പെടുത്തരുതെന്ന് പ്രത്യേക അഭിമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഭീകരാക്രമണത്തിനിടെ ബി.ജെ.പിയുടെ യുവ നേതാക്കളായ അരവിന്ദ് എസ്. അഗര്‍വാള്‍, കുല്‍ദീപ് സ്ഥാപക്, ശിവാന്‍ഷ് ജെയിന്, ഹാപ്പി വാദ്ധ്വന് എന്നിവരെയും കുടുംബങ്ങളെയുമാണ് ടൂറിസ്റ്റ് ഗൈഡും ഷാള്‍ കച്ചവടക്കാരനുമായ നസാകത്ത് അഹമ്മദ് ഷാ സ്വന്തം ജീവന് പണയപ്പെടുത്തി രക്ഷിച്ചത്. സ്വന്തം ജീവന് പണയം വെച്ച് ഞങ്ങളെ രക്ഷിച്ച കശ്മീരിലെ മുസ്ലിം സഹോദരന് ഞങ്ങള്‍ എന്താണ് പകരം നല്‍കേണ്ടതെന്ന് ചത്തീസ്ഗഢിലെ ബി.ജെ.പി നേതാവ് അരവിന്ദ് അഗര്‍വാള്‍ ഫേസ്ബുക് പോസ്റ്റില്‍ ചോദിച്ചു. ത
നസകത്ത് അഹമ്മദ് ഷാക്ക് നന്ദി പറഞ്ഞ് അദ്ദേഹം രക്ഷിച്ച മറ്റൊരു യാത്രക്കാരനും രംഗത്തുവന്നിരുന്നു. തന്റെ കുഞ്ഞിനെ എടുത്ത് 14 കിലോമീറ്ററോളം അപകടകരമായ കുന്നുകളിലൂടെ ഓടിയ താങ്കളെ എങ്ങനെ മറക്കുമെന്നും താങ്കളാണ് ഞങ്ങളുടെ ജീവന് രക്ഷിച്ചതെന്നും യാത്രയില്‍ ബി.ജെ.പി നേതാവ് അരവിന്ദ് അഗര്‍വാളിന്റെ കൂടെയുണ്ടായിരുന്നയാള്‍ പറഞ്ഞു.
ചത്തീസ്ഗഢിലെ മനേന്ദ്രഗഡ്, ചിരിമിരി, ഭരത്പൂര്‍ ജില്ലിയില്‍ നിന്നുള്ള നാല് ദമ്പതികളും മൂന്ന് കുട്ടികളും അടങ്ങുന്ന സംഘത്തിന്റെ ഗൈഡായാണ് നസകത്ത് പ്രവര്‍ത്തിച്ചത്. ഭീകരാക്രമണം നടക്കുന്നുവെന്ന് മനസിലായപ്പോള്‍ തന്നെ കുടുംബങ്ങളെയും കുട്ടികളെയും സംരക്ഷിക്കാന്‍ കുട്ടികളെയുമെടുത്ത് ഓടുകയായിരുന്നുവെന്ന് നസകത്ത് ഷാ പറഞ്ഞു. ദമ്പതികളെ ഉള്‍പ്പെടെ 11 പേരെയും താന്‍ സുരക്ഷിതമാക്കിയെന്നും അദ്ദേഹം പറഞ്ഞു.


