കോഴിക്കോട്: എയര്‍ ഇന്ത്യ എക്സ്പ്രസ് ശൈത്യകാല ഷെഡ്യൂളില്‍ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നു. ഒക്ടോബര്‍ അവസാനം മുതല്‍ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളില്‍ നിന്നായി ഏകദേശം 75 സര്‍വീസുകള്‍ ഇല്ലാതാകും. ഇതില്‍ കരിപ്പൂരില്‍ നിന്ന് മാത്രം 25 സര്‍വീസുകള്‍ നഷ്ടമാകും.
കരിപ്പൂരില്‍ ജിദ്ദയിലേക്കുള്ള സര്‍വീസ് ആഴ്ചയില്‍ ആറുദിവസം തുടരുമെങ്കിലും, ദമാമിലേക്കുള്ള സര്‍വീസ് മൂന്ന് ദിവസമായി കുറയും. അബൂദബിയിലേക്കുള്ള സര്‍വീസ് ആഴ്ചയില്‍ നാല് ദിവസവും, മസ്കറ്റിലേക്കുള്ള സര്‍വീസ് മൂന്ന് ദിവസമായി ചുരുക്കും. ഇതിനോടകം കരിപ്പൂരില്‍ നിന്ന് കുവൈത്തിലേക്കുള്ള സര്‍വീസ് അവസാനിപ്പിച്ചിരുന്നു.
കൊച്ചിയില്‍ നിന്ന് ബഹ്റൈന്‍ സര്‍വീസ് ആഴ്ചയില്‍ രണ്ടായി ചുരുങ്ങും. കൊച്ചിഅബൂദബി റൂട്ടില്‍ നാലു സര്‍വീസ് മാത്രമേ ഉണ്ടാകൂ. തിരുവനന്തപുരംദുബൈ സര്‍വീസ് പൂര്‍ണമായും നിര്‍ത്തലാക്കും. അബൂദബിയിലേക്കുള്ള സര്‍വീസും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ലഭ്യമാകില്ല.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ബഹ്റൈന്‍, ജിദ്ദ, ദമാം, കുവൈത്ത് സര്‍വീസുകളും ഒഴിവാക്കും. അതിനാല്‍ വടക്കന്‍ കേരളത്തിലെ യാത്രക്കാര്‍ക്ക് ഇനി മംഗളൂരു, കൊച്ചി വിമാനത്താവളങ്ങള്‍ ആശ്രയിക്കേണ്ടിവരും.
ഈ തീരുമാനത്തോടൊപ്പം ടിക്കറ്റ് നിരക്ക് ഉയര്‍ന്നേക്കാമെന്നും, യാത്രക്കാരുടെ തിരക്ക് കൂടുമെന്നും വിലയിരുത്തപ്പെടുന്നു. വാണിജ്യപരമായ കാരണങ്ങളാണ് സര്‍വീസ് വെട്ടിക്കുറക്കാന്‍ പിന്നില്‍ എന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
അതേസമയം, സൗദി ദമ്മാംകണ്ണൂര് സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിയിരിക്കുകയാണ്. ഒന്നരവര്‍ഷമായി സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസും, കഴിഞ്ഞ മാസം സര്‍വീസ് ആരംഭിച്ച ഇന്‍ഡിഗോയും പൊടുന്നനെ വിമാനങ്ങള്‍ പിന്‍വലിക്കുകയായിരുന്നു. നിലവില്‍ ദമ്മാമില്‍ നിന്ന് കണ്ണൂരിലേക്കുള്ള സര്‍വീസ് ഒന്നും ഇല്ല.


