ഗസ്സയില്‍ സൈനിക നീക്കം ശക്തമാക്കാനൊരുങ്ങി ഇസ്രാഈല്‍. ഫലസ്തീനികളെ ഗസ്സയില്‍ നിന്ന് മാറ്റി പ്രദേശം പൂര്‍ണമായും പിടിച്ചെടുക്കാന്‍ ഐകകണ്ഠ്യേനയാണ് ഇസ്രാഈല്‍ സുരക്ഷാ കാബിനറ്റ് യോഗം തീരുമാനിച്ചത്. തെക്കന്‍ മേഖലയിലേക്ക് ഗസ്സയിലെ ജനങ്ങളെ മാറ്റാനാണ് ആലോചിക്കുന്നതെന്ന് ഇസ്രാഈലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഗസ്സയിലെ ആക്രമണം ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഇസ്രാഈല്‍ ഭരണകൂടം. അതിനാല്‍ കൂടുതല്‍ സൈനികരെ ഉപയോഗിച്ച് ഗസ്സയിലെ തങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് നെതന്യാഹുവു ലക്ഷ്യമിടുന്നത്. സൈനിക നടപടി കടുപ്പിക്കുന്നതിലൂടെ ഗസ്സയില്‍ ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കുകയെന്ന ലക്ഷ്യവും നെതന്യാഹുവിനുണ്ട്.
ഹമാസിന്റെ സ്വാധീനം തകര്‍ക്കാനും ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാനും ലക്ഷ്യമിട്ടാണ് ആക്രമണം ശക്തമാക്കുന്നതെന്ന് സര്‍ക്കാര്‍ വക്താവായ ഡേവിഡ് മെന്‍സര്‍ പറഞ്ഞു. അതേസമയം ആക്രമണം കടുപ്പിക്കുന്നത് ബന്ദികളുടെ ജീവന് അപകടത്തിലാക്കുമെന്നാണ് നെതന്യാഹുവിന്റെ വിമര്‍ശകര്‍ പറയുന്നത്.


