തൊടുപുഴ: കെഎസ്ഇബിയിൽ അനധികൃതമായി താമസിച്ച മുൻ വൈദ്യുതി മന്ത്രി എംഎം മണിയുടെ സ്റ്റാഫുകളിൽ നിന്നു വാടക തിരിച്ചു പിടിക്കാൻ വൈദ്യുതി വകുപ്പ് വിജിലൻസിന്റെ ഉത്തരവ്. ഇടുക്കി ചിത്തിരപുരത്തെ ഐബിയിലാണ് ഗൺമാൻമാരും ഡ്രൈവറും അനധികൃതമായി താമസിച്ചത്. കെഎസ്ഇബി വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
മന്ത്രിയായിരുന്ന കാലത്ത് 1237 ദിവസവും നിലവിലെ എംഎൽഎ കാലഘട്ടത്തിൽ കഴിഞ്ഞ സെപ്റ്റംബർ വരെ 1198 ദിവസവും ഇവർ ഐബിയിലെ മുറികൾ വാടക നൽകാതെ ഉപയോഗിച്ചതായാണ് കണ്ടെത്തൽ. ആകെ 3,96,510 രൂപയാണ് സ്റ്റാഫ് അംഗങ്ങൾ വാടക ഇനത്തിൽ അടയ്ക്കേണ്ടതെന്നും കണ്ടെത്തി.
അതേസമയം മന്ത്രിയായിരുന്ന കാലത്തെ 37,110 രൂപ ഒഴിവാക്കുകയും എംഎല്‍എയായിരുന്ന കാലത്തെ വാടകയില്‍ ദിവസം 300 രൂപയെന്നത് 80 രൂപയാക്കി ഇളവ് നല്കി 95,840 രൂപ അടക്കാനാണ് ഉത്തരവ്. മന്ത്രിയായിരുന്നപ്പോള്‍ സ്റ്റാഫ് താമസിച്ചതിന് വാടക ഒഴിവാക്കണമെന്ന് വര്‍ക്കേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടത് ചെയര്മാന് അംഗീകരിക്കുകയായിരുന്നു.
മിനിസ്റ്റീരിയല്‍ സ്റ്റാഫിന് ദിവസം 30 രൂപയും ഡ്രൈവര്‍ക്ക് 18 രൂപയുമാണ് വാടക നിശ്ചയിച്ചിരുന്നത്. എന്നാല്‍ വാടക നല്‍കാതെ ഇവര്‍ താമസിക്കുകയായിരുന്നു. മന്ത്രിപദം ഒഴിഞ്ഞ ശേഷം എംഎം മണിയുടെ ഗണ്മാന് ഈ മുറിയില്‍ താമസം തുടങ്ങി. വിജിലന്‍സിന്റെ മിന്നല്‍ പരിശോധന നടക്കുന്ന 2024 സെപ്തംബര്‍ വരെ ഗണ്മാന് ഇവിടെ സ്ഥാപിച്ചതായാണ് കണ്ടെത്തല്‍.


