കടുവയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി തര്‍ക്കം. വന്യമൃഗങ്ങളുടെ ആക്രമണം വര്‍ധിക്കുമ്പോള്‍ വനംവകുപ്പ് പ്രദേശ വാസികള്‍ക്ക് വ്യക്തമായ മുന്നറിയിപ്പോ നിര്‍ദ്ദേശങ്ങളൊ നല്‍കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ എന്ന് നാട്ടുകാര്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടു. വനംവകുപ്പ് ചീഫ് വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയ എന്തുകൊണ്ട് സ്ഥലത്ത് എത്തിയില്ലെന്നും നാട്ടുകാര്‍ ഉദ്യോഗസ്ഥരോട് ചോദിച്ചു.
‘കടുവയെ നേരില്‍ കണ്ടാല്‍ നിങ്ങള്‍ക്ക് കൊല്ലാനാകുമോ, കടുവയെ കണ്ടുപിടിക്കാനാകുമോ, എന്തുകൊണ്ടാണ് ബോധവല്‍ക്കരണം നടത്താത്തത്, എന്തുകൊണ്ട് ഇവിടുത്തെ പഞ്ചായത്തും മുനിസിപ്പാലിറ്റിയുമായി നിങ്ങള്‍ ബന്ധപ്പെടുന്നില്ല, കടുവയെ കൊലപ്പെടുത്താന്‍ നിങ്ങള്‍ക്ക് ലഭിച്ച ഉത്തരവില്‍ ഞങ്ങള്‍ക്ക് വ്യക്തത വേണം. ജനങ്ങളുടെ ആശങ്കകള്‍ക്ക് മറുപടി വേണം. കടുവയെ കൊല്ലാനാകില്ലെങ്കില്‍ തങ്ങളെ വെടിവെച്ച് കൊല്ലണമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
ബോധവല്‍ക്കരണം നടത്തുന്നതുമായി സംബന്ധിച്ച് തങ്ങള്‍ക്ക് നിര്‍ദ്ദേശം ഉണ്ടായിരുന്നുവെന്നും വനവിഭവ ശേഖരണം നടത്തുന്നവരില്‍ തങ്ങള്‍ ബോധവല്‍ക്കരണം നടത്തിയിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരോട് പറഞ്ഞു. കടുവയെ കണ്ടെത്താനും വെടിവെക്കാനുമാണ് ഉത്തരവ് ലഭിച്ചത് കടുവ കൂട്ടില്‍ കയറിയാല്‍ വെടിവെയ്ക്കാനാകില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കടുവയെ പിടികൂടി കൊല്ലുന്നതുവരെ തങ്ങള്‍ പിന്മാറില്ലെന്ന് പ്രതിഷേധക്കാര്‍ കൂട്ടിച്ചേര്‍ത്തു.


